അഹമ്മദാബാദ്: മുസ്ലീം സ്ത്രീകള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കുന്നവര്‍ ഇസ്ലാമിന് എതിരാണെന്നും മതത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും ഗുജറാത്തിലെ അഹമ്മദാബാദ് ജുമാ മസ്ജിദിലെ ഷാഹി ഇമാം ഷബീര്‍ അഹമ്മദ് സിദ്ദിഖി പറഞ്ഞു. ഇവിടെയെന്താ ആണുങ്ങളാരും ബാക്കിയില്ലാത്തതിനാലാണോ പെണ്ണുങ്ങളെ നിര്‍ത്തുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെ ഇമാം ചോദിച്ചു.

ഇസ്ലാമിനെ ദുര്‍ബലപ്പെടുത്തുക എന്ന ആശയത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം കര്‍ണാടകയിലെ ഹിജാബ് പ്രതിഷേധത്തെയും പരാമര്‍ശിച്ചു. നിങ്ങള്‍ സ്ത്രീകളെ എംഎല്‍എയും കൗണ്‍സിലര്‍മാരുമൊക്കെ ആക്കിയാല്‍ എന്തായിരിക്കും സംഭവിക്കുക? ഹിജാബിനെ സംരക്ഷിക്കാന്‍ പിന്നെ നമുക്ക് കഴിയില്ല. ഹിജാബ് പ്രശ്നം ഉന്നയിക്കാന്‍ പോലും പിന്നീട് കഴിഞ്ഞെന്ന് വരില്ല. സര്‍ക്കാരിനോട് ഹിജാബ് പ്രശ്നം അവതരിപ്പിച്ചാല്‍ നിങ്ങളുടെ സ്ത്രീകളെല്ലാം ഇപ്പോള്‍ പാര്‍ലമെന്റില്‍ പോലും എത്തുന്നുണ്ടല്ലോ എന്നായിരിക്കും മറുപടിയെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തേണ്ടിവരുമെന്നും മതം നോക്കാതെ എല്ലാവരോടും സംസാരിക്കുമെന്നും സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുന്നതായും ഇമാം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ നിസ്സഹായരാണെന്നും വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റ് സംവരണം ചെയ്യുന്ന നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്നത്തെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സ്ത്രീകള്‍ ആണെന്നാണ് അവര്‍ കരുതുന്നത്. അതിനാല്‍, സ്ത്രീകളെ കൈയ്യിലെടുത്താല്‍, അവര്‍ക്ക് മുഴുവന്‍ കുടുംബത്തെയും കൂടെ നിര്‍ത്താനാകും. അവരുടെ തീരുമാനത്തിന് പിന്നില്‍ മറ്റൊരു ലക്ഷ്യവും ഞാന്‍ കാണുന്നില്ല.’- ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എംസിഡി) തിരഞ്ഞെടുപ്പിലെ വനിതാ സ്ഥാനാര്‍ത്ഥികളുടെ ഉദാഹരണം ചൂണ്ടിക്കാട്ടി ഇമാം പറഞ്ഞു.