തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ നിയമന ശുപാര്‍ശ കത്തിനെ ചൊല്ലിയുണ്ടായ പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സമരക്കാരുമായി ചര്‍ച്ച നടത്തും. സമരം ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ജില്ലാ ഭാരവാഹികളോട് നാളെ വൈകീട്ട് അഞ്ച് മണിക്ക് സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയ്ക്ക് എത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം.

നിയമന ശുപാര്‍ശക്കത്ത് വിവാദത്തില്‍ യുഡിഎഫും ബിജെപിയും പ്രതിഷേധം കടുപ്പിച്ചിരിക്കെയാണ് സര്‍ക്കാരിന്റെ അനുനയ നീക്കം. നിയമസഭ കൂടി ചേരുമ്പോള്‍ സഭക്ക് അകത്തും പുറത്തും ഈ വിഷയം ആളിക്കത്തിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കെയാണ് സര്‍ക്കാരിന്റെ നീക്കം എന്നതും ശ്രദ്ധേയമാണ്.

അതേസമയം തന്റെ പേരിലുള്ള കത്ത് വ്യാജമെന്ന് ആവര്‍ത്തിക്കുകയാണ് മേയര്‍ ആര്യ രാജേന്ദ്രന്‍. കഴിഞ്ഞ ദിവസം ഓംബുഡ്‌സ്മാനു മുന്നില്‍ ഹിയറിങ്ങിന് ഹാജരായപ്പോഴാണ് മേയര്‍ നിലപാട് ആവര്‍ത്തിച്ചത്. യഥാര്‍ഥ കത്തുണ്ടെങ്കില്‍ ഹാജരാക്കാന്‍ പരാതിക്കാരന് ഓംബുഡ്‌സ്മാന്‍ നിര്‍ദേശം നല്‍കി. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ സുധീര്‍ ഷാ പാലോടാണ് പരാതിക്കാരന്‍. കത്ത് സംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കണം എന്നായിരുന്നു പരാതിയിലെ ആവശ്യം.