തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും ശശി തരൂർ വിവാദം പുകയുകയാണ്. ഈരാറ്റുപേട്ടയിൽ നടക്കുന്ന ശശി തരൂർ പങ്കെടുക്കുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും ഡിസി പ്രസിഡൻ്റ് നാട്ടകം സുരേഷും പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയത് ശശി തരൂർ വിഷയത്തെ വീണ്ടും മാധ്യമശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. മാത്രമല്ല തരൂരിന് എതിരെ ഷനാട്ടകം സുരേഷ് എഐസിസിക്ക് പരാതി നൽകുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ശശി തരൂരിൻ്റെ വിശ്വസ്തന എതിരെ കെപിസിസി നടപടിയുണ്ടാകുന്നത്. 

ശശി തരൂരിൻ്റെ വിശ്വസ്തൻ ഷാജി കാളിയേത്തിനെ കെപിസിസി അംഗമാക്കിയ നടപടിയാണ് മരവിപ്പിച്ചത്. തരൂരിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയ വ്യക്തിയാണ് ഷാജി കാളിയേത്ത്. മലപ്പുറത്തെ ശശി തരൂരിൻ്റെ പരിപാടിയിലും ഷാജി കാളിയേത്ത് സജീവമായിരുന്നു. പുതിയ പരിപാടിയുമായി തരൂർ കോട്ടയത്ത് എത്താനിരിക്കേയാണ് ഷാജി കാളിയേത്തിനെതിരെ കെപിസിസി നടപടിയെടുത്ത് രംഗത്തെത്തുന്നത്. കോട്ടയത്തെ പരിപാടയിൽ ശശി തരൂരിനെ പിന്തുണച്ച് രംഗത്തെത്തുന്നവർക്കുള്ള സൂചന കൂടിയാണ് ഷാജി കാളിയേത്തിനെതിരെയുള്ള നടപടിയിലൂടെ കെപിസിസി നൽകുന്നതെന്നുള്ള സൂചനകളാണ് പുറത്തു വരുന്നത്. 

ശശി തരൂരിൻ്റെ പത്രികയിൽ ഒപ്പിട്ട മലപ്പുറത്തെ ഒരേയൊരു കോൺഗ്രസ് നേതാവായിരുന്നു ഷാജി. തരൂരിൻ്റെ മലപ്പുറത്തെ സ്വീകരണ പരിപാടിയിലും ഷാജി സജീവമായിരുന്നു. കോൺഗ്രസ് നേതൃത്വത്തെ ധിക്കരിച്ച് ശശി തരൂർ വീണ്ടും സമാന്തര പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങുന്ന സാഹചര്യത്തിൽ ശക്തമായ മുന്നറിയിപ്പു കൂടിയാണ് കോൺഗ്രസ് നേതൃത്വം നടപടിയിലൂടെ നേതാക്കൾക്കും പ്രവർത്തകർക്കും നൽകുന്നതും.