എറണാകുളം: പെരുമ്പാവൂരിൽ പ്ളൈവുഡ് കമ്പനിയ്ക്ക് തീപിടിച്ചു. കീഴില്ലം ത്രിവേണിയിലെ ഫാൽകസ് ഇൻഡസ് പ്ളൈവുഡ് കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് യൂണീറ്റുകൾ സ്ഥലത്ത് എത്തി തീയണയ്ക്കുവാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. അതേസമയം സ്ഥാപനത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 

തുടക്കത്തിൽ രണ്ട് ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീയണയ്ക്കാൻ ശ്രമിച്ചത്. എന്നാൽ തീ നിയന്ത്രണാതീതമായതിനെ തുടർന്ന് അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ കൂടി സ്ഥലത്തെത്തി. ഫയർഫോഴ്സ് യൂണീറ്റുകൾ  തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 

കഴിഞ്ഞ ദിവസം കൊല്ലത്തുണ്ടായ തീപിടിത്തത്തിൽ മൂന്ന് കടകൾ കത്തിനശിച്ചിരുന്നു. കൊല്ലം ലക്ഷ്മിനട ജംഗ്ഷനിലെ രഞ്ജൂസ് പുഷ്പ മൊത്തവ്യാപാര സ്ഥാപത്തിനും സമീപത്തെ പാൽ, മത്സ്യ വിൽപ്പന സ്ഥാപനങ്ങൾക്കുമാണ് തീപിടിച്ചത്. രഞ്ജൂസ് പുഷ്പ മൊത്തവ്യാപാര സ്ഥാപനം പൂർണമായും കത്തിനശിച്ചു. മറ്റു രണ്ട് കടകൾ ഭാഗമികമായും കത്തിനശിച്ചിരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിരുന്നില്ല. 

രഞ്ജൂസ് പുഷ്പ മൊത്തവ്യാപാര സ്ഥാപനത്തിൽ മെഴുകുതിരി നിർമ്മാണത്തിന് സൂക്ഷിച്ചിരുന്ന അസംസ്‌കൃത വസ്തുക്കൾക്കാണ് ആദ്യം തീപടർന്നത്. ഫയർ ഫോഴ്‌സ് അപകടം നടന്നയുടൻ സ്ഥലത്തെത്തിയെങ്കിലും സമീപത്തെ മറ്റ് രണ്ട് കടകളിലേയ്ക്കും തീ പടർന്നിരുന്നതോടെ അവർ പ്രതിസന്ധിയിലായി. ഏകദേശം ഒരുമണിക്കൂറിലേറെ ബുദ്ധിമുട്ടിയാണ് ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയത്.