തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഔദ്യോഗിക വസതിയിൽ പുതിയ ലിഫ്റ്റ് വരുന്നു. ലിഫ്റ്റ് പണിയാൻ കാൽകോടി അനുവദിച്ച്‌ പൊതുമരാമത്ത് വകുപ്പ് ഉത്തരവായി. ക്ലിഫ് ഹൗസിൽ പാസഞ്ചർ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ് അഡീഷണൽ സെക്രട്ടറി ലതാ കുമാരി ഉത്തരവിറക്കിയത്.സംസ്ഥാനത്ത് ചെലവ് ചുരുക്കണമെന്ന ധനവകുപ്പിൻ്റെ നിർദേശം നിലനിൽക്കെയാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ തുക അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയതെന്നുള്ളത് ഇപ്പോൾത്തന്നെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. 

ക്ലിഫ് ഹൗസിൽ പണിയുന്ന ലിഫ്റ്റിൻ്റെ പുറക് വശത്ത് നീന്തൽക്കുളമാണെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ നൽകിയ എസ്റ്റിമേറ്റ് പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നതെന്നാണ് വിവരം. 

നേരത്തെ ക്ലിഫ് ഹൗസിൽ ചുറ്റുമതിലും കാലിത്തൊഴുത്തും നിർമിക്കാനായി തുക അനുവദിച്ചിരുന്നു. കഴിഞ്ഞ ജൂൺ 22ന് 42.90 ലക്ഷം രൂപയാണ് അനുവദിച്ചത്. അന്ന് സാമ്പത്തിക പ്രതിസന്ധിയ്‌ക്കിടെയിലുള്ള ഈ നടപടി ഏറെ വിവാദമായിരുന്നു. കാലിത്തൊഴുത്ത് നിർമ്മാണം ഏകദേശം പൂർത്തിയായെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നതിനു പിന്നാലെയാണ് ലിഫ്റ്റ് പണിയാനുള്ള തീരുമാനവും എത്തുന്നത്.