ബംഗളൂരു: ഇന്ത്യൻ വാഹന വ്യവസായ രംഗത്തെ പ്രമുഖ പേരുകളിലൊന്നായിരുന്നു വിക്രം എസ്. കിർലോസ്കറി​ന് വി​ട. ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായിയും ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ വൈസ് ചെയർമാനും കിർലോസ്കർ സിസ്റ്റംസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിക്രം എസ്. കിലോസ്കർ (64)​ ചൊവ്വാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനി​യറിംഗിൽ ബിരുദം നേടിയ അദ്ദേഹം കിർലോസ്കർ ഗ്രൂപ്പിന്റെ നാലാം തലമുറയിലെ മേധാവിയായിരുന്നു. ഗീതാഞ്ജലി കിർലോസ്കറാണ് ഭാര്യ. മകൾ മാനസി കിർലോസ്കർ. 

ടൊയോട്ടയെ ഇന്ത്യൻ വിപണിയി​ൽ പ്രിയങ്കരമാക്കിയ അദ്ദേഹം കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. സി.ഐ.ഐ മാനുഫാക്ചറിംഗ് കൗൺസിൽ,​ ട്രേഡ് ഫെയർ കൗൺസിൽ എന്നിവയുടെ ചെയർമാനുമായിരുന്നു. ആനന്ദ് മഹീന്ദ്ര ഉൾപ്പെടെ നിരവധി പ്രമുഖർ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി.