ലണ്ടൻ : ഇംഗ്ലീഷ് ഗായികയും ഗാനരചയിതാവുമായ ക്രിസ്‌റ്റീൻ മക്‌വീ ( 79 ) അന്തരിച്ചു. ഇംഗ്ലണ്ടിലെ ഒരു ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ബ്രിട്ടീഷ് – അമേരിക്കന്‍ റോക്ക് ബാന്‍ഡായ ‘ ഫ്‌ലീറ്റ്വുഡ് മാകി’ലൂടെയാണ് ക്രിസ്റ്റീന്‍ പ്രശസ്തയായത്.

70കളിലും 80കളിലും റോക്ക് ലോകത്ത് തരംഗമായിരുന്ന ഫ്‌ലീറ്റ്വുഡ് മാകിന്റെ ലിറ്റില്‍ ലൈസ്, എവരിവെയര്‍, സോംഗ് ബേഡ് തുടങ്ങിയ ഗാനങ്ങള്‍ എഴുതിയത് ക്രിസ്റ്റീനാണ്. ഫ്‌ലീറ്റ്വുഡ് മാകിലെ അംഗമായിരുന്ന ജോണ്‍ മക്വീ ക്രിസ്റ്റീന്റെ മുന്‍ ഭര്‍ത്താവാണ്. 1968ല്‍ വിവാഹിതരായ ഇരുവരും 1976ല്‍ വേര്‍പിരിഞ്ഞു. ക്രിസ്റ്റീന്‍ പിന്നീട് പോര്‍ച്ചുഗീസ് കീബോര്‍ഡിസ്റ്റായ എഡി ക്വിന്റ്റെലയെ വിവാഹം ചെയ്‌തെങ്കിലും 2003ല്‍ വേര്‍പിരിഞ്ഞു.