തിരുവനന്തപുരം: പ്രശസ്ത കഥകളി ആചാര്യന്‍ കലാമണ്ഡലം വാസു പിഷാരടി (Kalamandalam Vasu pisharody) അന്തരിച്ചു. 79 വയസ്സായിരുന്നു. ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11 ന് സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. കേരള കലാമണ്ഡലം മുന്‍ വൈസ്പ്രിന്‍സിപ്പലും വേഷം മേധാവിയുമായിരുന്നു. 1999 ല്‍ വിരമിച്ചു എങ്കിലും 2005 വരെ കഥകളിയരങ്ങിലെ സജീവ സാന്നിദ്ധ്യമായിരുന്നു. സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക്

1943ല്‍ പാലക്കാട് ജില്ലയിലെ കോങ്ങാട്ടാണു വാസു പിഷാരടിയുടെ ജനനം. ഒറ്റപ്പാലം കേരള കലാനിലയത്തില്‍ ബാലകൃഷ്ണന്‍ നായര്‍ക്കു കീഴില്‍ ആദ്യ കഥകളി അഭ്യസനം. പിന്നീട് മൂന്നു വര്‍ഷം കോട്ടയ്ക്കല്‍ പിഎസ്വി നാട്യസംഘത്തില്‍ പരിശീലനം. അവിടെ ഗുരുനാഥനായിരുന്ന വാഴേങ്കട കുഞ്ചുനായര്‍ കലാമണ്ഡലത്തിലേക്കു പോയപ്പോള്‍ വാസു പിഷാരടി ഉള്‍പ്പെടെയുള്ള ശിഷ്യന്മാരും കലാമണ്ഡലത്തിലേക്കു നീങ്ങി. കലാമണ്ഡലം രാമന്‍കുട്ടി നായര്‍ക്കും കലാമണ്ഡലം പത്മനാഭന്‍ നായര്‍ക്കും കീഴില്‍ ഉപരിപഠനം. 1979 മുതല്‍ കലാമണ്ഡലത്തില്‍ അധ്യാപകന്‍. 1999ല്‍ വൈസ് പ്രിന്‍സിപ്പലായി കലാമണ്ഡലത്തില്‍ നിന്നു വിരമിച്ചു

കേരള കലാമണ്ഡലം അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് , കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കലാമണ്ഡലം ഫെലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. ഈ നവംബര്‍ 19 ന് കാറല്‍മണ്ണ കുഞ്ചുനായര്‍ സ്മാരക സംസ്തുതി സമ്മാനും ലഭിച്ചിരുന്നു.
ഭാര്യ: സുഭദ്ര, മക്കള്‍: ശ്രീകല, ഉണ്ണിക്കൃഷ്ണന്‍.