കോട്ടയം: കോട്ടയം നഗരത്തില്‍ സിഎംഎസ് കോളജ് വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയുണ്ടായ സദാചാര ഗുണ്ടായിസത്തിനെതിരെ മുടിമുറിച്ച് വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. സിഎംഎസ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിലെ വിദ്യാര്‍ത്ഥിനികളാണ് മുടി മുറിച്ചത്. കൂടാതെ മറ്റു രണ്ടു പെണ്‍കുട്ടികള്‍ കൂടി മുടി മുറിച്ച് പ്രതിഷേധത്തിന്റെ ഭാഗമായി. വൈകിട്ട് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മനുഷ്യ ചങ്ങല തീര്‍ത്തും പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടത്തില്‍ പരിക്കേറ്റ സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ പോയ പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും നേരെ ആക്രമണം ഉണ്ടായത്.

വിദ്യാര്‍ഥികള്‍ക്കെതിരെ സദാചാര ആക്രമണങ്ങള്‍ പതിവാണെന്നും  സിഎംഎസ് കോളേജ് ഭാഗത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ ശല്യം രൂക്ഷമാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജില്‍ നിന്നും പെണ്‍കുട്ടികള്‍ക്ക് രാത്രിയും പകലും പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിനിടെ കോളേജ് റോഡില്‍ വച്ച് പെണ്‍കുട്ടികളുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന കേസില്‍ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവര്‍  അജിത്തിനെതിരെയാണ് കേസ്.