അൽ റയാൻ: 2022 ലോകകപ്പിൽ നിർണായക മത്സരത്തിനിറങ്ങാനൊരുങ്ങുന്ന സൗദി അറേബ്യയ്ക്ക് തിരിച്ചടി. നായകൻ സൽമാൻ അൽ ഫറജ് ടീമിൽ നിന്ന് പുറത്തായി. പരിക്കാണ് താരത്തിന് തിരിച്ചടിയായത്.

സൗദി അറേബ്യ ഗ്രൂപ്പ് സിയിലെ അടുത്ത മത്സരത്തിൽ മെക്സിക്കോയെയാണ് നേരിടുന്നത്. ഈ മത്സരത്തിൽ വിജയിച്ചാൽ ടീമിന് പ്രീ ക്വാർട്ടറിലേക്ക് കടക്കാം. എന്നാൽ മത്സരത്തിന് മുന്നോടിയായി നായകൻ ടീമിൽ നിന്ന് പുറത്തായത് സൗദിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. 

അർജന്റീനയ്ക്കെതിരായ ഗ്രൂപ്പിലെ ആദ്യ മത്സരത്തിനിടെയാണ് സൽമാന് പരിക്കേറ്റത്. മത്സരത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ സൽമാനെ സ്ട്രെക്ച്ചറിലാണ് ഗ്രൗണ്ടിൽ നിന്ന് കൊണ്ടുപോയത്. പരിക്ക് ഗുരുതരമായതിനെത്തുടർന്ന് സൽമാന് ലോകകപ്പിലെ ഇനിയുള്ള എല്ലാ മത്സരങ്ങളും നഷ്ടമാകും.