പാകിസ്ഥാന്‍ ഡ്രോണ്‍ വെടിവെച്ചിട്ട് അതിര്‍ത്തി സുരക്ഷാ സേന പഞ്ചാബിലെ അമൃത്സറിലെ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 7.45 ഓടെയാണ് ബിഎസ്എഫ് ഡ്രോണ്‍ വെടിവെച്ചിട്ടത്. പാകിസ്ഥാന്‍ ഭാഗത്ത് നിന്ന് വരുന്ന ഡ്രോണിന്റെ ശബ്ദം കേട്ടാണ് സേനാംഗങ്ങള്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് ഡ്രോണ്‍ വെടിവെച്ചിടുകയായിരുന്നു. 

‘നവംബര്‍ 25 ന് ഏകദേശം 7.45 ഓടെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ അമൃത്സറിലെ ഡാവോക്ക് ഗ്രാമത്തിന് സമീപം ഡ്രോണിന്റെ ശബ്ദം കേട്ടു. പാകിസ്ഥാന്‍ ഭാഗത്ത് നിന്ന് സംശയാസ്പദമായ രീതിയില്‍ വരുന്ന ഡ്രോണ്‍ ശ്രദ്ധയില്‍പെട്ടതോടെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഒരു ബുള്ളറ്റ് ഡ്രോണില്‍ തട്ടുകയും അത് താഴെ വീഴുകയുമായിരുന്നു.’ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. തെരച്ചിലിനിടെ, ഡാവോക്ക് ഗ്രാമത്തിന് സമീപമുള്ള ഒരു വയലില്‍ നിന്ന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ച ഒരു ക്വാഡ് കോപ്റ്റര്‍ (DJI Matrice 300 RTK) സൈന്യം കണ്ടെടുത്തു.