മനീഷ് സിസോദിയക്കെതിരായി സിബിഐ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ച ഡല്‍ഹി മദ്യനയക്കേസ് വ്യാജമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. വെള്ളിയാഴ്ച ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് മനീഷ് സിസോദിയയുടെ പേര് സിബിഐ ഒഴിവാക്കിയതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രസ്താവന.

സിസോദിയയുടെ വസതികളിലും ഓഫീസുകളിലും 800 ഉദ്യോഗസ്ഥര്‍ നാലുമാസത്തോളം റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ തന്റെ ട്വീറ്റിലൂടെ പറഞ്ഞു.

ഡല്‍ഹിയുടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂടിയായ മനീഷ് സിസോദിയ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ശോഭനമായ ഭാവി നല്‍കി വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണെന്ന് കെജ്രിവാള്‍ പറഞ്ഞു. സിസോദിയയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നത് കാണുന്നതില്‍ വേദനയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുറ്റപത്രത്തില്‍ നിന്ന് മനീഷ് സിസോദിയയുടെ പേര് സിബിഐ ഒഴിവാക്കിയ സാഹചര്യത്തില്‍ എക്സൈസ് നയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.

‘എക്സൈസ് പോളിസി കേസില്‍ മനീഷ് സിസോദിയയെ പ്രതിചേര്‍ത്ത് അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് യാതൊരു അധികാരവുമില്ല. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം സിസോദിയയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെടുക്കുന്നതിന് മുന്‍കൂര്‍ കുറ്റം ഉണ്ടായിരിക്കണം. അത്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന മൊത്തം മൂല്യം ഒരു കോടി രൂപയോ അതില്‍ കൂടുതലോ ആണെങ്കില്‍ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്യാനാവുക.”- ഭരദ്വാജ് പറഞ്ഞു. 

മനീഷ് സിസോദിയയുടെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും സിസോദിയയ്ക്കെതിരായ അന്വേഷണം തുടരുമെന്ന് സിബിഐ വ്യക്തമാക്കി. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ സമര്‍പ്പിക്കുന്ന ആദ്യ കുറ്റപത്രമാണിത്. ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ പ്രത്യേക സിബിഐ ജഡ്ജി എംകെ നാഗ്പാലിന് മുമ്പാകെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ അടുത്ത വാദം നവംബര്‍ 30ന് നടക്കും.