ന്യൂഡൽഹി: തെലങ്കാനയിലെ ടി.ആർ.എസ് സർക്കാരിനെ അട്ടിമറിക്കാൻ എം.എൽ.എമാരെ കോടികൾ കൊടുത്ത് വിലയ്ക്ക് വാങ്ങാൻ ശ്രമിച്ച കേസിൽ ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ പ്രതിചേർത്തു. തെലങ്കാന ഹൈക്കോടതി നിർദേശമനുസരിച്ചാണ് തുഷാർ വെള്ളാപ്പള്ളിയെയും ബി.ജെ.പി ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, കൊച്ചിയിലെ ഡോ. ജഗ്ഗു സ്വാമി എന്നിവരെയും പ്രതി ചേർത്തത്. എം.എൽ.എമാരെ പണവുമായി സമീപിച്ച മൂന്ന് പേരെ തെലങ്കാന പൊലീസ് അറസ്റ്റു ചെയ്തതോടെയാണ് കുതിരക്കച്ചവടത്തിന്റെ ചുരുളഴിഞ്ഞത്.

അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാത്ത തുഷാറിനെതിരെ കഴിഞ്ഞദിവസം തെലങ്കാന പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ മാസം 21ന് ഹാജരാകണമെന്ന നിർദേശം അനുസരിക്കാത്തതിനാലാണ് ബി.എൽ. സന്തോഷ്, തുഷാർ വെള്ളാപ്പള്ളി എന്നിവർക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയത്.

നോട്ടീസിനു പിന്നാലെ അഭിഭാഷകൻ മുഖേനെ ബിഎൽ സന്തോഷ്, മറ്റൊരു തീയതിയിൽ ഹാജരാകാമെന്ന് അന്വേഷണ സംഘത്തെ അറിയിച്ചു. തുടർന്ന് ഇയാൾക്കെതിരായ ലുക്ക് ഔട്ട് നോട്ടിസ് പിൻവലിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളിലേയ്ക്ക് ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടിസ് നൽകിയിരുന്നു. തുഷാർ വെള്ളാപ്പള്ളി, ബി. ശ്രീനിവാസ് എന്നിവരുൾപ്പെടെ ഏഴുപേരാണ് നിലവിൽ കേസിലെ പ്രതികൾ. ഇതിൽ, ടി.ആർ.എസ് എംഎൽഎമാരുമായി ഡീൽ ഉറപ്പിക്കാൻ ഫാം ഹൗസിലെത്തിയ നന്ദകുമാർ, രാമചന്ദ്ര ഭാരതി, സിംഹയാചലു എന്നിവരാണ് അറസ്റ്റിലായത്.

തെലങ്കാന ഭരിക്കുന്ന ടി.ആർ.എസിനെ കുതിരക്കച്ചവടത്തിലൂടെ പുറത്താക്കി ഭരണം പിടിക്കാനുള്ള ശ്രമമാണ് തന്ത്രപരമായ നീക്കത്തിലൂടെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തകർത്തത്. ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമങ്ങളുടെ തെളിവുകൾ മുഖ്യമന്ത്രി പുറത്തുവിട്ടിരുന്നു. ടി.ആർ.എസ് എം.എൽ.എമാരെ കാലുമാറ്റാൻ തുഷാർ വെള്ളാപ്പളി നൂറ് കോടി രൂപ വാഗ്ദാനം ചെയ്‌തതുവെന്നാണ് ചന്ദ്രശേഖര റാവു ആരോപിച്ചത്. നാല് എം.എൽ.എമാരെ വിലക്കെടുക്കാൻ ചുക്കാൻ പിടിച്ചത് തുഷാറാണെന്നാണ് പ്രധാന ആരോപണം. എം.എൽ.എമാരെ സ്വാധീനിക്കാൻ പണവുമായി എത്തിയ ഏജന്റുമാരാണ് അറസ്റ്റിലായ നന്ദകുമാർ, രാമചന്ദ്ര ഭാരതി, സിംഹയാചലു എന്നിവർ.

എം.എൽ.എമാരുമായി തുഷാർ ഫോണിൽ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സംഭാഷണത്തിനിടെ ബി.ജെ.പി നേതാവായ ബി.എൽ സന്തോഷുമായി സംസാരിക്കാൻ അവസരം നൽകാമെന്നാണ് തുഷാർ വാഗ്ദാനം നൽകിയത്. ‘ഓപറേഷന്‍ താമര’ എന്നുപേരിട്ട കുതിരക്കച്ചവടത്തിന് ‘ചര്‍ച്ച’യ്ക്കെത്തി അറസ്റ്റിലായ മൂന്ന് ഏജന്റുമാരുടെയും സംഭാഷണങ്ങളില്‍ തുഷാറിനെയും ബി.എല്‍. സന്തോഷിനെയും ജഗു സ്വാമിയെയും കുറിച്ച് പലതവണ പറയുന്നുണ്ട്. അറസ്റ്റിലായവ​രെ അഹമ്മദാബദിലിരുന്ന് തുഷാറാണു നിയന്ത്രിച്ചതെന്നാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പറഞ്ഞത്. പണം വാഗ്ദാനം ചെയ്ത ജഗു സാമിയെ തേടി പൊലീസ് ഇടപ്പള്ളിയിലെ ആശുപത്രിയില്‍ തൊട്ടടുത്ത ദിവസം റെയ്ഡ് നടത്തിയിരുന്നു.

അതിനിടെ, കേസ് സിബിഐയ്ക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തെലങ്കാന ഹൈകോടതി​യെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നിരീക്ഷണത്തിലാക്കിയാണ് കോടതി ഉത്തരവിട്ടത്.

ഒരു എം.എൽ.എക്ക് നൂറുകോടി എന്നതായിരുന്നു തുഷാറിന്റെ സംഘത്തിന്റെ വാഗ്ദാനം. ഇങ്ങനെ എം.എൽ.എമാർക്ക് പണം നല്കുന്നതിന്റ ദൃശ്യങ്ങളാണ് ചന്ദ്രശേഖര റാവു പുറത്തുവിട്ടിരുന്നത്. എന്നാൽ, ആരോപണം നിഷേധിച്ച് കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി രംഗത്ത് വന്നു. പുറത്ത് വിട്ട ദൃശ്യങ്ങൾ വ്യാജമാണെന്നായിരുന്നു കിഷൻ റെഡ്ഡിയുടെ വാദം.