ന്യൂഡൽഹി: 2018 ൽ ആസ്ത്രേലിയൻ വനിതയെ കൊന്ന കേസിൽ പ്രതിചേർത്ത ഇന്ത്യൻ നഴ്സിനെ ഡൽഹി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. 38 കാരനായ രജ് വിന്ദർ സിങ്ങാണ് അറസ്റ്റിലായത്. 24 കാരിയായ തൊയാഹ് കോർഡിങ് ലെയെയാണ് രജ് വിന്ദർ സിങ് കൊലപ്പെടുത്തിയത്.

കോർഡിങ് ലെ ഫാർമസി ജീവനക്കാരിയായിരുന്നു. 2018 ഒക്ടോബർ 21നാണ് കോർഡിങ് ലെയെ കാണാതാവുന്നത്. അടുത്ത ദിവസം ക്വീൻസ് ലാൻഡിലെ വാൻങെതി ബീച്ചിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കൊലപാതകം നടത്തിയ ശേഷം പ്രതിയായ രജ് വിന്ദർ സിങ് ഇന്ത്യയിലേക്ക് കടന്നു. യുവതി നായ​ക്കൊപ്പം നടക്കുമ്പോഴാണ് കൊലപാതകം ഉണ്ടായത്. കൊലപാതകം നടത്തി രണ്ടു ദിവസത്തിനു ശേഷം രജ് വിന്ദർ സിങ് ജോലി ഒഴിവാക്കുകയും ഭാര്യയെയും മൂന്ന് കുഞ്ഞുങ്ങളെയും ആസ്ത്രേലിയയിൽ തന്നെ ഉപേക്ഷിക്കുകയും ചെയ്ത് നാടുവിട്ടു.

പ്രതിയെ കുറിച്ചുള്ള വിവരം നൽകുന്നവർക്ക് ക്യൂൻസ്‍ലാന്റ് പൊലീസ് ഒരു മില്യൺ ആസ്ത്രേലിയൻ ഡോളറാണ് വാഗ്ദാനം നൽകിയിരുന്നത്. ആസ്ത്രേലിയൻ പൊലീസ് ഡിപ്പാർട്ട് മെന്റിന്റെ ചരിത്രത്തിൽ പ്രഖ്യാപിച്ച ഏറ്റവും വലിയ പാരിതോഷികമായിരുന്നു ഇത്.

2021ൽ ആസ്ത്രേലിയൻ സർക്കാർ കുറ്റവാളിയെ കൈമാറണമെന്ന് ഇന്ത്യയോട് അഭ്യർഥിച്ചിരുന്നു. ഈ വർഷം നവംബറിലാണ് അപേക്ഷ സ്വീകരിച്ചത്. പഞ്ചാബിലെ ബട്ടർ കലൻ സ്വദേശിയായ സിങ് ഇന്നിസ് ഫെയ്‍ലിലാണ് താമസിച്ചിരുന്നത്. അവിടെ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. അതിനിടെയാണ് പൊലീസ് അറസ്റ്റ്.