സെന്റ് ലൂയിസ് (മിസോറി): നവംബര്‍ 29ന് വധശിക്ഷക്കു വിധേയനാകുന്ന പിതാവിന്റെ മരണത്തിന് ദൃക്സാക്ഷിയാകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തൊമ്പതുകാരിയായ മകള്‍ ഫെഡറല്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.

2005ല്‍ കാര്‍ക്ക് വുഡ് മിസോറി പോലീസ് ഓഫീസര്‍ വില്യം മെക്കന്റിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെവിന്‍ ജോണ്‍സന്റെ വധശിക്ഷയാണ് നവംബര്‍ 29ന് നിശ്ചയിച്ചിരിക്കുന്നത്. മിസ്സോറിയില്‍ നിലവിലുള്ള നിയമമനുസരിച്ചു 21 വയസിന് താഴെയുള്ളവര്‍ക്ക് വധശിക്ഷക്കു ദൃക്സാക്ഷികളാകാന്‍ അനുമതിയില്ല.

മകളെ തന്റെ വധശിക്ഷ കാണാന്‍ അനുവദിക്കണമെന്ന് പിതാവും ആവശ്യപ്പെട്ടു.

എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തിയാണ് പിതാവ്. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങള്‍ കാണാന്‍ എനിക്ക് അവകാശമുണ്ടെന്നും, ഇതില്‍ ഒരു സുരക്ഷാ പ്രശ്നവും ഉണ്ടാകില്ലെന്നും കാന്‍സസ് സിറ്റി ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മകള്‍ കോറി റാമി ആവശ്യപ്പെട്ടു.

എന്റെ പിതാവ് ആശുപത്രിയില്‍ കിടന്നാണ് മരിക്കുന്നതെങ്കില്‍ കിടക്കയുടെ സമീപം ഇരുന്നു കൈപിടിച്ചു പ്രാര്‍ത്ഥിക്കുവാന്‍ എനിക്ക് തടസമില്ലെങ്കില്‍ എന്തുകൊണ്ട് ഇവിടെ അവകാശം നിഷേധിക്കുന്നുവെന്നും മകള്‍ ചോദിക്കുന്നു. കൊലപാതകം നടത്തുമ്പോള്‍ പ്രതിക്ക് 19 വയസായിരുന്നു പ്രായം. 18 വയസിനു താഴെയുള്ള പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുന്നത് ഇവിടെ നിരോധിച്ചിരുന്നു.