പ്രമുഖ ടെക് കമ്പനിയായ എച്ച്പിയും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. ലാപ്‌ടോപ്പ്, ഇലക്‌ട്രോണിക്‌സ് നിർമ്മാതാക്കളായ എച്ച്പി ഏകദേശം 6000 ജീവനക്കാരെ പുറത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2025 വരെ പിരിച്ചുവിടലുകൾ തുടരാനാണ് കമ്പനിയുടെ തീരുമാനം. എച്ച്പിയിൽ ആഗോള തലത്തിൽ ജോലി ചെയ്യുന്ന ആകെ ജീവനക്കരുടെ പന്ത്രണ്ട് ശതമാനത്തോളം പേർക്ക് ജോലി നഷ്‌ടമാവുമെന്നാണ് വിലയിരുത്തൽ. 

നിലവിൽ ഏകദേശം 50,000 പേർ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. വരും വർഷങ്ങളിൽ ഏകദേശം 4000 മുതൽ 6000 വരെ ജീവനക്കാരെ പിരിച്ചുവിടുമെന്ന് എച്ച്പി അറിയിച്ചു. 2022ലെ ഫുൾ ഇയർ റിപ്പോർട്ടിലാണ് എച്ച്പി ഇക്കാര്യം പ്രഖ്യാപിച്ചത്. “ആഗോള തലത്തിൽ ഏകദേശം 4000-6000 ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ കമ്പനി തീരുമാനിച്ചു. ഈ പ്രവർത്തനങ്ങൾ 2025 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ” കമ്പനി പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.

കോവിഡ് കാലത്തെ കുതിച്ചുചാട്ടത്തിന് ശേഷം പിസി, ലാപ്‌ടോപ്പ് വിഭാഗത്തിലെ വിൽപ്പന കുറഞ്ഞ സാഹചര്യത്തിലാണ് ജോലി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം. ലോക്ക്ഡൗൺ മാറിയതോടെ ലാപ്ടോപ്പ്, പിസികൾക്ക് ആവശ്യക്കാർ കുറഞ്ഞു. സാമ്പത്തിക മാന്ദ്യവും കമ്പനിയെ പിന്നോട്ടടിച്ചു. ഇത് വിചാരിച്ചതിലും കുറഞ്ഞ വരുമാനത്തിലേക്കാണ് നയിച്ചത്.

Future Ready Transformation Plan എന്ന പദ്ധതിയുടെ ഭാഗമായാണ് എച്ച്പി ഈ പ്രഖ്യാപനം നടത്തിയത്. 2025 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കുറഞ്ഞത് 1.4 ബില്യൺ ഡോളറിന്റെ വാർഷിക മൊത്ത ചെലവ് ലാഭിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.