മുംബൈ: ബൈക്കുള കുർള ഭാഗങ്ങളിൽ അഞ്ചാംപനി കേസുകൾ കൂടിവരുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ആഴ്‌ചയെ അപേക്ഷിച്ച് പുതിയ കേസുകൾ നഗരത്തിൽ കുറവാണെങ്കിലും നഗരത്തിന്‍റെ മറ്റു ഭാഗങ്ങളിൽ കേസുകൾ കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

ആദ്യം അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്ത ഗോവണ്ടിയിൽ കേസുകൾ കുറയുന്നതായാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ബൈക്കുള, കുർള, ബാന്ദ്ര എന്നിവിടങ്ങളിലെ ചില ചേരി പ്രദേശങ്ങളിലാണ് അഞ്ചാംപനി കേസുകൾ കൂടുതലായി കാണപ്പെടുന്നത്.

പാരാമിക്‌സോ വൈറസ് വിഭാഗത്തിൽപെടുന്ന മോർബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാം പനി. ആറ് മാസം മുതൽ മൂന്ന് വയസ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. മുംബൈക്ക് പുറത്ത് നിന്നുള്ള ഒരാൾ ഉൾപ്പെടെ ഒമ്പത് കുട്ടികളാണ് അടുത്തിടെ അഞ്ചാംപനി ബാധിച്ച് മരണപ്പെട്ടത്.