കൂട്ടപ്പിരിച്ചുവിടലുകൾക്കും കൂട്ടരാജികൾക്കും പിന്നാലെ കടുത്ത പ്രതിസന്ധിയിലാണ് ട്വിറ്റർ. ഓഫീസുകൾ അടിയന്തരമായി അടച്ചിടുന്നുവെന്നും നവംബർ 21ന് തിങ്കളാഴ് വീണ്ടും തുറക്കുമെന്നും അറിയിച്ച് തൊഴിലാളികൾക്ക് ട്വിറ്റർ ഇമെയിൽ സന്ദേശം നൽകിയിട്ടുണ്ട്. ഇലോൺ മസ്ക് ഏറ്റെടുത്തതിന് പിന്നാലെയാണ് ട്വിറ്ററിലെ പ്രശ്നങ്ങൾ രൂക്ഷമാകുന്നത്.

ഇപ്പോഴിതാ ട്വിറ്ററിലെ പ്രതിസന്ധി മുതലെടുക്കാനുള്ള ശ്രമത്തിലാണ് എതിരാളികളായ ‘കൂ’. ഇലോൺ മസ്ക് പുറത്താക്കിയ ജീവനക്കാരെ തങ്ങളുടെ കമ്പനിയിലേയ്ക്ക് എത്തിക്കാനുള്ള ശ്രമമാണ് ‘കൂ’ നടത്തുന്നത്. 

മൈക്രോബ്ലോഗിങ് പ്ലാറ്റഫോമായ ‘കൂ’ ഇന്ത്യയ്ക്ക് പുറത്തും വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ്. അധികം വൈകാതെ യു.എസിൽ ‘കൂ’ ലഭ്യമാക്കുമെന്നാണ് സഹസ്ഥാപകനായ അപ്രമേയ രാധാകൃഷ്ണ പറയുന്നത്. ബംഗ്ലാദേശ്, ഫിലിപ്പീൻസ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലും ‘കൂ’ ഉടനെത്തും.

2020-ൽ പ്രവർത്തനമാരംഭിച്ച ‘കൂ’ 50 മില്യൺ ഡൗൺലോഡുകൾ ആയിക്കഴിഞ്ഞു. ഹിന്ദി, കന്നഡ, തമിഴ് തുടങ്ങി പത്തോളം പ്രാദേശിക ഭാഷകളിൽ ‘കൂ’ ലഭ്യമാണ്. ട്വിറ്ററിന് ബദലായി തുടങ്ങിയ ‘കൂ’ തങ്ങൾക്ക് മുന്നേറാനുള്ള സുവർണാവസരം മുതലെടുക്കാനുള്ള ശ്രമത്തിലാണ്.