ന്യൂഡൽഹി: ഗ്യാൻവാപി കേസ് മുസ്ലീം പക്ഷത്തിന്റെ ഹർജി വാരാണസി കോടതി തള്ളി. ഗ്യാൻവാപി മസ്ജിദ് കോംപൗണ്ടിൽ ശിവലിംഗം കണ്ടെത്തിയെന്ന ആരോപണങ്ങളെ തുടർന്ന് പ്രദേശത്തേയ്ക്ക് ആരേയും പ്രവേശിപ്പിക്കരുതെന്നും  സംരക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇക്കാര്യം ചോദ്യം ചെയ്ത് പള്ളിക്കമ്മറ്റി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ഗ്യാൻവാപി കേസിൽ ഹിന്ദു പക്ഷത്തിന്റെ ഹർജി കേൾക്കരുതെന്ന് മുസ്ലീം പക്ഷം വാദിച്ചു. എന്നാൽ ഹിന്ദു പക്ഷത്തിന്റെ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.

പള്ളിയിലേക്ക് വരുന്നവർ അംഗശുദ്ധി വരുത്തുന്ന സ്ഥാലം വേർതിരിച്ചതിനാൽ തടസ്സങ്ങൾ നേരിടുന്നുവെന്നായിരുന്നു കമ്മിറ്റിയുടെ ഹർജിയിലെ വിശദീകരണം. ഗ്യാൻവാപി പള്ളി വർഷങ്ങൾക്ക് മുൻപ് ക്ഷേത്രമായിരുന്നുവെന്നും അവിടെ ആരാധനയ്ക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി നിർദ്ദേശ പ്രകാരം പരിസരത്ത് സർവ്വേ നടത്തി. ഈ സർവ്വേയിൽ വെള്ളം സംഭരിക്കുന്ന സ്ഥലത്ത് ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദു വിഭാഗം പറഞ്ഞിരുന്നു.

തുടർന്ന് ഈ സ്ഥലം പ്രത്യേകം കെട്ടിത്തിരിക്കാൻ കോടതി നിർദ്ദേശിച്ചു. അനാവശ്യ ആവശ്യമാണ് ഹിന്ദുപക്ഷം ഉന്നയിക്കുന്നതെന്ന് പള്ളിക്കമ്മറ്റി വാദിച്ചു. അവരുടെ ഹർജി തള്ളണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമാണ് കോടതി നിരസിച്ചിരിക്കുന്നത്. ഗ്യാൻവാപി മസ്ജിദിൽ മുസ്ലീങ്ങൾ കയറുന്നത് നിരോധിക്കണമെന്നും പള്ളിയിൽ ശിവഭഗവാനെ ആരാധിക്കാനുള്ള അനുമതി വേണമെന്നുമാണ് ഹിന്ദു വിഭാഗത്തിന്റെ ആവശ്യം. ഹിന്ദു വിഭാഗത്തിന്റെ ഈ ഹർജി നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.