തിരുവനന്തപുരം: ഓർത്തഡോക്‌സ്- യാക്കോബായ സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. സുപ്രീം കോടതി വിധിയില്‍ ഇനി ചര്‍ച്ചയില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചു. നിയമ നിർമ്മാണം വേണമെന്ന യാക്കോബായ സഭയുടെ ആവശ്യം തള്ളി. വിഷയത്തിൽ ഇനി ചര്‍ച്ചയില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചതായി ഓര്‍ത്തഡോക്‌സ് പ്രതിനിധികള്‍ പറഞ്ഞു.

ചീഫ് സെക്രട്ടറി വിപി ജോയിയാണ് സഭാ നേതാക്കളുമായി ചർച്ച നടത്തിയത്. ഹൈക്കോടതിയിലുള്ള കേസിന് ആധാരമായ പ്രശ്‌നങ്ങളിൽ തുടർ ചർച്ചകളിലൂടെ പരിഹാരം കണ്ടത്തുന്നതിന്റെ ഭാഗമായാണ് ചർച്ച നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം ചേർന്ന യോഗത്തിന്റെ തീരുമാന പ്രകാരമാണ് തുടർ ചർച്ചകൾ നടന്നത്. 

ഓർത്തഡോക്‌സ്-യാക്കോബായ സഭാ തർക്കം:
 
കേരളത്തിലെ രണ്ട് ക്രിസ്‌തീയ സഭകളായ യാക്കോബായ സഭയും ഓർത്തഡോക്‌സ് സഭയും തമ്മിൽ നിലനിൽക്കുന്ന കേസുകളെയും തർക്കങ്ങളെയും, അതിന് മുന്നോടിയായി മലങ്കര സഭയിൽ നടന്ന പിളർപ്പിനെയുമാണ് മലങ്കര സഭാതർക്കം എന്ന് വിളിക്കുന്നത്. മലങ്കര സഭയുടെ പിളർപ്പിന് ശേഷം പ്രാദേശികമായി പള്ളികളുടെ ഭരണത്തെ സംബന്ധിച്ചുള്ള വിയോജിപ്പുകൾ ഇപ്പോഴും തുടരുകയാണ്. ഈ തർക്കങ്ങൾ പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയും സർക്കാർ, പോലീസ് ഇടപെടലുകൾ ആവശ്യമായി തീരുകയും ചെയ്യാറുണ്ട്.