രാജ്യത്ത് വിഎൽസി പ്ലെയറിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി. ഇനി മുതൽ ആപ്പ് ഡൗൺലോഡ് ചെയ്‌ത്‌ ഉപയോഗിക്കാം. ഈ വർഷം ആദ്യമാണ് കേന്ദ്രം വിഎൽസി മൾട്ടിമീഡിയ പ്ലെയറിന് നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യൻ ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയമാണ് വിഎൽസി മീഡിയ പ്ലെയറിന്റെ വെബ്‌സൈറ്റിലെ വിലക്ക് നീക്കിയത്. വിലക്കുമായി ബന്ധപ്പെട്ട് വിഎൽസിക്ക് നിയമപരമായ പിന്തുണ നൽകുന്നതിൽ കമ്പനിയെ സഹായിച്ച ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ഓഫ് ഇന്ത്യയാണ് (IFF) വാർത്ത ആദ്യം പുറത്തിവിട്ടത്.

വിഎൽസി മീഡിയ പ്ലെയർ ഡൗൺലോഡ് ചെയ്യാൻ ആളുകൾക്ക് ഇപ്പോൾ വീഡിയോലാൻ വെബ്സൈറ്റ് സന്ദർശിക്കാം. ഇതുവരെ 73 ദശലക്ഷം ആളുകൾ ഈ പ്ലെയർ ഡൗൺലോഡ് ചെയ്‌തുവെന്നും കൂടുതൽ ആളുകൾ ഇത് ഡൗൺലോഡ് ചെയ്യുന്നുണ്ടെന്നും ഔദ്യോഗിക വെബ്‌സൈറ്റ് കാണിക്കുന്നു. എന്നാൽ നേരത്തെ നടത്തിയ നിരോധനത്തിന് പിന്നിലെ കാരണം ഇപ്പോഴും അജ്ഞാതമാണ്. 

ഈ വർഷം ഒക്ടോബറിൽ നിരോധനത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് കമ്പനി സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. തങ്ങളുടെ ഭാഗം അറിയിക്കാൻ അവസരം നൽകണമെന്നും വിഎൽസി ആവശ്യപ്പെട്ടിരുന്നു. ‘ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ഞങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനും, അന്താരാഷ്ട്ര നിയമപ്രകാരമുള്ള നിങ്ങളുടെ ബാധ്യതകൾ ലംഘിച്ചതിനും നിയമ പോരാട്ടത്തിലേക്ക് കടക്കും’ എന്ന് വിഎൽസി സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.

നിലവിൽ കമ്പനിയുടെ വെബ്‌സൈറ്റ് പ്രവർത്തന ക്ഷമതമാണ്. നേരത്തെ വെബ്‌സൈറ്റ് വഴി ആക്‌സസ് ചെയ്യാൻ ശ്രമിക്കുമ്പോൾ ‘404 error’ എന്നായിരുന്നു കാണിച്ചിരുന്നത്. ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 25 ദശലക്ഷം ഡൗൺലോഡുകൾ ലഭിക്കാറുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനിടയിലാണ് യാതൊരു മുന്നറിയിപ്പും, നോട്ടീസും കൂടാതെ സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.