ലഖ്നൗ: സമാജ് വാദി പാര്‍ട്ടി നേതാവും മെയ്ന്‍പുരി ലോക്സഭ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുമായ ഡിംപിള്‍ യാദവിന്റെ പേരില്‍ 14 കോടിയിലധികം വിലമതിക്കുന്ന സ്ഥാവര ജംഗമ സ്വത്തുക്കളുണ്ടെന്ന് വെളിപ്പെടുത്തല്‍. ഡിംപിള്‍ യാദവ് തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഡിംപിളിന് 9.61 കോടിയുടെ സ്ഥാവര സ്വത്തുക്കളും 4.70 കോടിയുടെ ജംഗമ സ്വത്തുക്കളും ഉണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

ഡിംപിളിന്റെ ഭര്‍ത്താവും എസ്.പി അധ്യക്ഷനുമായ അഖിലേഷ് യാദവിന് 17.22 കോടിയിലധികം രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇരുവരുടേയും ആസ്തികളുടെ ആകെ മൂല്യം 26.83 കോടി രൂപയാണ്.

ഡിംപിള്‍ യാദവിന് 4.7 കോടി രൂപയുടെ ജംഗമ ആസ്തിയുണ്ട്. അഖിലേഷിന് 8.33 കോടിയിലേറെ വിലമതിക്കുന്ന ജംഗമ സ്വത്ത് വകകളുണ്ട്.  ഡിംപിള്‍ യാദവിന്റെ കൈവശം 1.25 ലക്ഷം രൂപ വിലയുള്ള കംപ്യൂട്ടറും 2.774 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള സ്വര്‍ണാഭരണങ്ങളും 203 ഗ്രാം മുത്തും 59,76,687 രൂപ വിലമതിക്കുന്ന 127.75 കാരറ്റ് വജ്രവും ഉണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. എസ്.പി അദ്ധ്യക്ഷന് 17.26 ലക്ഷം രൂപയും ഭാര്യയ്ക്ക് 14.26 ലക്ഷം രൂപയുമാണ് ബാധ്യതയുള്ളത്. ഡിംപിള്‍ യാദവ് 1998-ല്‍ ലഖ്നൗ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബികോം ബിരുദം നേടി. 1999ല്‍ അഖിലേഷ് യാദവിനെ വിവാഹം കഴിച്ചു.

സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മെയിന്‍പുരി ലോക്സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിന് നടക്കും. ഫലം ഡിസംബര്‍ എട്ടിന് പ്രഖ്യാപിക്കും.