ഞായറാഴ്ച തുര്‍ക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്ഫോടനത്തില്‍ ആറ് പേര്‍ മരിക്കുകയും 81 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെന്‍ട്രല്‍ ഇസ്താംബൂളിലെ ഷോപ്പിംഗ് സ്ട്രീറ്റായ തക്സിം ഏരിയയിലെ തിരക്കേറിയ തെരുവിലാണ് സ്ഫോടനം ഉണ്ടായത്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ സ്ഫോടനത്തെ അപലപിക്കുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രാഥമിക വിലയിരുത്തലുകള്‍ വച്ച് സ്‌ഫോടനം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നുവെന്നും പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രദേശത്തെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതുള്‍പ്പെടെ പോലീസും ഗവര്‍ണറുടെ ഓഫീസും അന്വേഷണം തുടരുകയാണെന്ന് പ്രസിഡന്റ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സ്ഫോടനത്തെത്തുടര്‍ന്ന് ഇസ്താംബൂളിലെ ഇസ്തിക്ലാല്‍ സ്ട്രീറ്റില്‍ ആംബുലന്‍സുകളുടെയും പോലീസിന്റെയും ദൃശ്യങ്ങള്‍ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടു.

തുര്‍ക്കി പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ്  നഗരമധ്യത്തിലെ തിരക്കേറിയ ഇസ്തിക്ലാല്‍ സ്ട്രീറ്റില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനമുണ്ടായതിന് തൊട്ടുപിന്നാലെ പ്രദേശം പോലീസ് വളഞ്ഞു. വൈകുന്നേരം 4:00 ന് (1300 ജിഎംടി) തൊട്ടുപിന്നാലെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് ടെലിവിഷന്‍ ചാനലായ എന്‍ടിവി റിപ്പോര്‍ട്ട് ചെയ്തു.

സ്ഫോടനം നടക്കുമ്പോള്‍ ആളുകള്‍ തിരക്കേറിയ തെരുവിലൂടെ നടന്നുപോകുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രടരിക്കുന്ന വീഡിയോകളില്‍ കാണാം. ഒരു വലിയ സ്‌ഫോടനം കേള്‍ക്കാം, അതിനെ തുടര്‍ന്ന് കാല്‍നടയാത്രക്കാര്‍ ഓടി രക്ഷപ്പെടുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.