ട്വിറ്ററില്‍ കൂട്ടപ്പിരിച്ചുവിടല്‍ അവസാനിക്കുന്നില്ല. കഴിഞ്ഞയാഴ്ച 50 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ വീണ്ടും ആയിരക്കണക്കിന് പേര്‍ക്ക് ജോലി നഷ്ടമായെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ശനിയാഴ്ച നടന്ന രണ്ടാം ഘട്ട പിരിച്ചുവിടല്‍ 4,400 കരാര്‍ തൊഴിലാളികളെ ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് മുന്‍കൂര്‍ നോട്ടീസോ അറിയിപ്പോ നല്‍കാതെ അടിയന്തരമായി പിരിച്ചുവിടുകയായിരുന്നു. 

കമ്പനിയുടെ ഔദ്യോഗിക ഇമെയിലിലേക്കും ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളിലേക്കും പ്രവേശനം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് തങ്ങളെ പിരിച്ചുവിട്ടതായി ജീവനക്കാര്‍ തിരിച്ചറിഞ്ഞത്. കണ്ടന്റ് മോഡറേഷന്‍, റിയല്‍ എസ്റ്റേറ്റ്, മാര്‍ക്കറ്റിംഗ്, എഞ്ചിനീയറിംഗ്, മറ്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരെയും ആഗോള ജീവനക്കാരെയും ട്വിറ്ററിന്റെ നടപടി ബാധിച്ചു. ജീവനക്കാരുടെ മാനേജര്‍മാരെ ട്വിറ്ററോ മസ്‌കോ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പ്ലാറ്റ്്‌ഫോമറിന്റെ കാസി ന്യൂട്ടണും സിഎന്‍ബിസിയുമാണ് രണ്ടാം ഘട്ട പിരിച്ചുവിടല്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും ട്വിറ്റര്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 

മുന്‍ഗണന പുനര്‍നിര്‍ണയിക്കാനും സമ്പാദ്യത്തിനായുമാണ് പിരിച്ചുവിടലെന്ന് അര്‍ഥം വരുന്ന ഒരു മെയില്‍ കരാര്‍ തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടുണ്ട്. നവംബര്‍ 14 അവരുടെ അവസാന ജോലി ദിവസമായിരിക്കുമെന്നും ഇതേ ഇമെയിലില്‍ പറഞ്ഞിരുന്നു. ആദ്യഘട്ട പിരിച്ചുവിടലിന് പിന്നാലെ ട്വിറ്ററിലെ എക്‌സിക്യൂട്ടീവുകളില്‍ പലരും കൂട്ടത്തോടെ രാജിവെച്ചിരുന്നു. ഇതിനിടെ കമ്പനി നഷ്ടത്തിലാണെന്നും പിരിച്ചുവിടുകയല്ലാതെ വേറെ വഴിയില്ലെന്ന് എലോണ്‍ മസ്‌ക് പറഞ്ഞു. പ്രതിദിനം ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാകുന്നതാണ് ട്വിറ്ററിലെ കൂട്ട പിരിച്ചുവിടലിലേക്ക് നയിച്ചത്. പെട്ടെന്ന് ജോലി നഷ്ടമാകുന്നതിന്റെ ആഘാതം കുറയ്ക്കാന്‍ എല്ലാവര്‍ക്കും മൂന്ന് മാസത്തെ വേതനം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് നിയമപരമായി ആവശ്യമുള്ളതിനേക്കാള്‍ 50 ശതമാനം കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്വീറ്റിലൂടെയാണ് കൂട്ടപ്പിരിച്ചുവിടലിനെ ന്യായീകരിച്ച് മസ്‌ക് രംഗത്തെത്തിയത്. 

അദ്ദേഹം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ  ദിവസങ്ങളില്‍ തന്നെ ചെലവ് കുറയ്ക്കുന്നതിനും പണം ലാഭിക്കുന്നതിനുമായി ട്വിറ്ററിലെ പകുതിയോളം ജോലിക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ മസ്‌ക് നിഷേധിച്ചിരുന്നു. ഇതിന് ശേഷമാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങിയത്.

ഏകദേശം 3,700 ജീവനക്കാരെ പിരിച്ചുവിട്ട വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു.  ആകെ ജീവനക്കാരുടെ പകുതിയോളം വരും ഇത്. സംഭവത്തിന് പിന്നാലെ സാൻ ഫ്രാൻസിസ്കോ ഫെഡറൽ കോടതിയിൽ ട്വിറ്ററിനെതിരെ ഒരു ലോസ്യൂട്ട് ഫയൽ ചെയ്‌തതായി ബ്ലൂംബെർഗിന്റെ റിപ്പോർട്ട് അവകാശപ്പെടുന്നു.

അതേസമയം, കൂട്ട പിരിച്ചുവിടലിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് ട്വിറ്റർ അതിന്റെ ജീവനക്കാർക്ക് ഇമെയിലുകൾ അയച്ചിരുന്നു. ഔദ്യോഗിക ഇമെയിൽ സംവിധാനം ഉൾപ്പെടെയുള്ള ആന്തരിക സേവനങ്ങളിൽ നിന്ന് നിരവധി ജീവനക്കാരെ കമ്പനി നീക്കം ചെയ്‌തിട്ടുണ്ട്‌. വിരോധാഭാസമെന്നു പറയട്ടെ, ട്വിറ്ററിന്റെ ശമ്പളപ്പട്ടികയിൽ നിന്ന് തങ്ങളെ നീക്കം ചെയ്‌തതായി ഈ ജീവനക്കാർ ട്വിറ്ററിലൂടെ തന്നെയാണ് അറിയിച്ചത്. 

യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ട്വിറ്റർ ജീവനക്കാരോട് വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയും, ഓഫീസിലേക്ക് വരേണ്ടെന്ന് അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. ജീവനക്കാർക്ക് ഓഫീസിലേക്കുള്ള പ്രവേശനം റദ്ദാക്കുകയുമുണ്ടായി എന്നാണ് റിപ്പോർട്ട്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതാണോ, അതോ നിലനിർത്തിയിട്ടുണ്ടോ എന്നത് ജീവനക്കാരെ അറിയിക്കുമെന്ന് ട്വിറ്ററിന്റെ ഇമെയിലിൽ പറയുന്നു.

നിലനിർത്തിയവർക്ക് ട്വിറ്റർ ഔദ്യോഗിക ഇമെയിലിൽ അറിയിപ്പ് നൽകും. നീക്കം ചെയ്യപ്പെട്ടവർക്ക്, അവരുടെ സ്വകാര്യ ഇമെയിൽ ഐഡികളിലേക്ക് ആയിരിക്കും സന്ദേശം എത്തുക. അതേസമയം, ജീവനക്കാർക്ക് ഇടയിൽ പിരിച്ചുവിടലുമായി ബന്ധപ്പെട്ട ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ട്. എന്നാൽ ജീവനക്കാരെ കമ്പനി നിരീക്ഷിച്ചു വരികയാണെന്ന് ട്വിറ്ററിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. 

പിരിച്ചുവിടലിനെക്കുറിച്ച് ട്വിറ്റർ ഇതുവരെ ഒരു പ്രസ്‌താവനയും പുറത്തുവിട്ടിട്ടില്ല. കമ്പനിയുടെ മൊത്തം ജീവനക്കാരിൽ 50 ശതമാനത്തെ പിരിച്ചുവിടാൻ തയ്യാറാണെന്നാണ് മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകമെമ്പാടുമായി ഏകദേശം 7500 ജീവനക്കാരാണ് ട്വിറ്ററിനുള്ളത്.