തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ പിൻവാതിൽ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ ലെറ്റർ പാഡിൽ കത്ത് നൽകിയ സംഭവത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് സിപിഎം നേതാവും കൌൺസിലറുമായ ഡി ആർ അനിൽ. മേയറുടെ പേരിൽ പ്രചരിക്കുന്ന കത്ത് താൻ കണ്ടിട്ടില്ലെന്നാണ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിനും വിജിലൻസിനും അനിൽ നൽകിയ മൊഴി. കത്തിന്റെ പകർപ്പ് അനിൽ തിരുവനന്തപുരത്തുള്ള സിപിഎം നേതാക്കളുടെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലിടുകയും അവിടെ നിന്നും ചോർന്നുപോയെന്നുമായിരുന്നു ആരോപണം. എന്നാലിതെല്ലാം അനിൽ നിഷേധിക്കുകയാണ്.

മേയറുടെ കത്തിന് പിന്നാലെ അനിലിന്റെ പേരിൽ മറ്റൊരു കത്തും പുറത്ത് വന്നിരുന്നു. എസ് എ ടി ആശുപത്രിയിൽ കുടുംബശ്രീ പ്രവർത്തകരെ നിയമിക്കാനുള്ള  കത്തായിരുന്നു അനിലിന്റെ പേരിൽ പുറത്തു വന്നത്. ആ കത്ത് താൻ തയ്യാറാക്കിയിരുന്നുവെന്നും ഓഫീസിൽ തയ്യാറാക്കിയ കത്ത് എങ്ങനെ പുറത്ത് പോയെന്ന് അറിയില്ലെന്നും ഇയാളുടെ മൊഴിയിലുണ്ട്. എസ് എ ടി ആശുപത്രിയിലെ നിയമനത്തിനായി തയ്യാറാക്കിയ കത്ത്  പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നുവെന്നാണ് അനിലിന്റെ വിശദീകരണം.

വിവാദ കത്തിൽ ക്രൈംബ്രാഞ്ചിന് പിന്നാലെ വിജിലൻസും മേയറുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴിയെടുത്തു. കോർപ്പറേഷൻ ഓഫീസിലെ ക്ലർക്കുമാരായ വിനോദ്, ഗിരിഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മാധ്യമങ്ങളിൽ കാണുന്ന ശുപാർശ കത്ത് തങ്ങൾ തയ്യാറാക്കിയിട്ടില്ലെന്നും ഓഫീസിലെ ജീവനക്കാർക്ക് എടുക്കാൻ കഴിയുന്ന രീതിയിലാണ് മേയറുടെ ലെറ്റർ പാഡ് സൂക്ഷിച്ചിരിക്കുന്നതെന്നുമാണ് ഇരുവരും നൽകിയ മൊഴി.