വില കൊണ്ട് ഞെട്ടിക്കുന്ന ബിയറിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെ ഒരു ബിയറുണ്ട്. ഈ ബിയറിന്റെ പേര് ‘Allsopp’s Arctic Ale.’ പഴക്കം 140 വർഷം. ഇതൊരു സാധാരണ ബിയറല്ല. ഇതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. മാത്രവുമല്ല ഇതിനെ പുരാവസ്തു ആയിട്ടാണ് കണക്കാക്കുന്നത്. ഇതിന് ഒരുപാട് ​ഗുണങ്ങളും ഉണ്ട്. എന്നാൽ, അതുകൊണ്ട് മാത്രമല്ല, ഇത് ലോകത്തിലെ വില കൂടിയ ബിയറായി മാറുന്നത്. 

ആന്റിക്സ് ട്രേഡിന്റെ ഒരു റിപ്പോർട്ട് പ്രകാരം, ഈ ഏറ്റവും വില കൂടിയ ബിയറിന്റെ കഥ ആരംഭിക്കുന്നത് eBay -യിൽ നിന്നാണ്. 2007-ൽ ഒരു ഒക്‌ലഹോമ ബയർ 304 ഡോളറിന് Allsopp’s Arctic Ale -ന്റെ ഒരു കുപ്പി കൈക്കലാക്കി. അതിൽ മസാച്യുസെസറ്റ്സിലെ ഒരു വിൽപ്പനക്കാരനിൽ നിന്നും ഈടാക്കിയ $19.95 ഷിപ്പിംഗ് ഫീസും ഉൾപ്പെടുന്നു.

antiquestradegazette.com പറയുന്നത് അനുസരിച്ച് പെർസി ജി. ബോൾസ്റ്റർ ഒപ്പ് വച്ച ഒരു കുറിപ്പ് ഈ ബിയറിനൊപ്പം ഉണ്ടായിരുന്നു. അതിൽ പറയുന്നത് ഈ ബോട്ടിൽ 1919 -ലാണ് തനിക്ക് ലഭിച്ചത് എന്നാണ്. ബിയർ ‘1852-ൽ ഒരു സോളാർ പര്യവേഷണത്തിനായി പ്രത്യേകം ഉണ്ടാക്കിയതാണ്’ എന്നും കുറിപ്പിൽ പരാമർശിക്കുന്നു.  എറെബസ്, ടെറർ എന്നീ കപ്പലുകളെയും അതിലെ ജോലിക്കാരെയും കണ്ടെത്താൻ നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കിടെയാണ് ഈ ബിയർ കുപ്പി കണ്ടെത്തിയത്.