പശ്ചിമ ഗോദാവരി: ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ തഡെപള്ളിഗുഡെം മണ്ഡലത്തിലെ കദിയാദ്ദ ഗ്രാമത്തിലെ പടക്ക നിര്‍മാണ കേന്ദ്രത്തിലുണ്ടായ വന്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

ഫാക്ടറിയില്‍ എട്ടു പേരാണ് ജോലി ചെയ്തിരുന്നത്. അത്താഴം കഴിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായതെന്ന് പശ്ചിമ ഗോദാവരി ജില്ലയിലെ എസ്പി രവി പ്രകാശ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 8നും 8.20നും ഇടയിലാണ് സംഭവം. 3 പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഒരാളെ കണ്ടെത്താനായിട്ടില്ലെന്ന് എസ്.പി പറഞ്ഞു. പടക്കത്തിന് തീപിടിച്ചതാകാം സ്‌ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച സൂചന.