കാണ്‍പൂര്‍: ഉത്തർപ്രദേശിലെ കാൺപൂരിൽ പോലീസ് സ്‌റ്റേഷനിൽ നിന്ന് സർക്കാർ പിസ്‌റ്റളും യൂണിഫോമും മോഷണം പോയി. ന്യൂ ആസാദ് നഗറിലെ ബിദ്‌നുവിന്റെ ഔട്ട്‌പോസ്‌റ്റിലാണ് സംഭവം. സംഭവം പുറത്തായതിന് പിന്നാലെ ഔട്ട്‌പോസ്‌റ്റ് ഇൻ ചാർജ് സുധാകർ പാണ്ഡെയെ എസ്‌പി തേജ് സ്വരൂപ് സിംഗ് സസ്പെൻഡ് ചെയ്‌തു. വ്യാഴാഴ്‌ച രാവിലെ സംഭവമറിഞ്ഞ് എസ്‌പിയും ഫോറൻസിക് സംഘവും ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

സമീപപ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. ബുധനാഴ്‌ച രാത്രി വൈകിയാണ് മോഷ്‌ടാക്കൾ സ്‌റ്റേഷനുള്ളിൽ ഉണ്ടായിരുന്ന പെട്ടി മോഷ്‌ടിച്ച് രക്ഷപ്പെട്ടത്. മോഷണവിവരം ഉന്നത ഉദ്യോഗസ്ഥരിൽ ഉൾപ്പെടെ വലിയ ആശങ്കയാണ് സൃഷ്‌ടിച്ചത്‌. തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ സംഭവം നടന്ന സ്‌റ്റേഷനിൽ എത്തിയിരുന്നു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഫോറൻസിക് സംഘം ഉടൻ സ്ഥലത്തെത്തി. സംഭവം നടക്കുമ്പോൾ ഔട്ട്‌പോസ്‌റ്റ് ഇൻചാർജ് ആയിരുന്ന സുധാകർ പാണ്ഡെയെ അനാസ്ഥയുടെ പേരിൽ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. “പോലീസ് സ്‌റ്റേഷൻ ഔട്ട്‌പോസ്‌റ്റിൽ നടന്ന മോഷണത്തിൽ സർക്കാർ പിസ്‌റ്റളും 10 വെടിയുണ്ടകളും കാണാതായിട്ടുണ്ട്. ഈ സമയം ഔട്ട് പോസ്‌റ്റിൽ എസ്‌ഐ ഉണ്ടായിരുന്നു. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്” പോലീസ് വക്താവ് അറിയിച്ചു.