ഗാസിയാബാദ്‌: യുപിയിലെ ഗാസിയാബാദില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. 28കാരിയായ തന്റെ ഭാര്യയെ കൊന്ന് മൃതദേഹം ട്രോണിക്ക സിറ്റി ഏരിയയില്‍ തള്ളിയെന്ന് പ്രതി പൊലീസിനെ അറിയിച്ചു. സീനിയര്‍ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലെത്തിയ യുവാവിനെ പ്രാഥമിക ചോദ്യം ചെയ്യലിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തു.

‘ഞാന്‍ എന്റെ ഭാര്യയെ കൊന്നു, നിങ്ങളെ മൃതദേഹത്തിന്റെ അടുത്തേക്ക് കൊണ്ടുപോകാം’, പ്രതിയായ സദ്ദാം പൊലീസിനോട് പറഞ്ഞു. പിന്നാലെ സംഭവ സ്ഥലത്തേക്ക് കുതിച്ച പൊലീസ് സംഘം മൃതദേഹം കണ്ടെടുത്തു.

ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് ഭാരമേറിയ ഒരു വസ്തു ഉപയോഗിച്ച് ഭാര്യയെ കൊല്ലുകയായിരുന്നു. പിന്നാലെ ട്രോണിക്ക സിറ്റി ഏരിയയിലെ കുറ്റിക്കാടുകള്‍ക്കിടയില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് ദേഹാത് എസ് പി ഇറാജ് രാജ പറഞ്ഞു.