ന്യൂഡല്‍ഹി : കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് പരിശോധന ഇല്ലാതെ സ്വകാര്യ മെഡിക്കല്‍ കോളേജിന് എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ കുറിച്ച് കേരള സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി. രണ്ടാഴ്‌ച്ചയ്‌ക്കുള്ളില്‍ സത്യവാങ്മൂലമായി വിശദീകരണം നല്‍കണമെന്നാണ് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചത്.

പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ റോയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളേജിന് പരിശോധനപോലും നടത്താതെ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനാണ് വിശദീകരണം നല്‍കേണ്ടത്. വാളയാറില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആരോപിച്ച് വി. എന്‍. പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിശദീകരണം തേടിയത്.

ഹർജി പരിഗണിക്കുന്നതിനിടെ കെ കെ ശൈലജ മന്ത്രിയായിരുന്ന കാലത്ത് റോയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളേജിന് പരിശോധന പോലും നടത്താതെ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയ കാര്യം വി. എന്‍. പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് എങ്ങനെ സംഭവിച്ചെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. തുടര്‍ന്ന് കോടതി വിശദീകരണം തേടി.

ചെര്‍പ്പുളശ്ശേരിയിലെ മെഡിക്കല്‍ കോളേജ് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പൂട്ടിച്ചു.