ബയോട്ടിൻ അഥവാ ജീവകം ബി 7 ശരീരത്തിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് അത്യാവശ്യമായ ബി വിറ്റാമിൻ ആണ്. ശരീരത്തിലെ ആരോഗ്യം നില നിർത്താൻ ബയോട്ടിന്റെ സാന്നിധ്യം ആവശ്യമാണ്. ബയോട്ടിൻ കുറയുമ്പോൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചർമം, മുടി, നഖങ്ങൾ എന്നിവ ആരോ​ഗ്യത്തോടെ നിലനിർത്തുന്നതിന് ശരീരത്തിൽ ബയോ​ട്ടിൻ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ബയോട്ടിന്റെ അഭാവത്തിൽ ചർമ്മം വരണ്ടുണങ്ങുന്നു. നഖം പൊട്ടുക, മുടി കൊഴിച്ചിൽ ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നു.

കുഞ്ഞിൻ്റെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ഗർഭകാലത്തു സ്ത്രീകൾ നിർബന്ധമായും ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതാണ്. ചർമ ഭംഗിക്കും ചർമ്മത്തിന്റെ തിളക്കത്തിനും ബയോട്ടിന്റെ സാന്നിധ്യം സഹായകരമാണ്. മുടി കൊഴിച്ചിൽ തടയാനും മുടി നന്നായി വളരാനും ബയോട്ടിൻ സഹായിക്കും. ഭക്ഷണത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്നതിനും കൊഴുപ്പ് നിയന്ത്രിക്കുന്നതിനും പ്രോട്ടീൻ ഉണ്ടാക്കുന്നതിനും അടക്കം ശരീരത്തിലെ പ്രധാന പ്രക്രിയകളിൽ ബയോട്ടിൻ പങ്ക് വഹിക്കുന്നുണ്ട്.

ഭക്ഷണത്തിലൂടെ നമ്മൾക്ക് പര്യാപ്തമായ അളവിൽ ബയോട്ടിൻ ലഭിക്കുന്നു. ധാരാളം ഭക്ഷണപദാർഥങ്ങളിൽ ഇവ സ്വാഭാവികമായി അടങ്ങിയിട്ടുണ്ട്. നട്സ് മധുരക്കിഴങ്ങ്, മുട്ട, സാൽമൺ ഫിഷ്, കൂൺ, അവാക്കാഡോ, പയറുവർ​ഗങ്ങൾ ഇവയെല്ലാം ബയോട്ടിൻ കൊണ്ട് സമ്പുഷ്ടമാണ്. ബയോട്ടിൻ അടങ്ങിയ ഭക്ഷണം ശീലിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിതമാക്കാൻ ഗുണം ചെയ്യും. ഇതിലൂടെ പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും.

സമീകൃത ഭക്ഷണക്രമം പാലിക്കുന്ന ഒരാൾക്ക് സാധാരണയായി ബയോട്ടിൻ കുറവ് സംഭവിക്കാറില്ല. എങ്കിലും, നിങ്ങൾക്ക് ബയോട്ടിൻ കുറവിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഡോക്ടറെ കാണുന്നത് പ്രധാനമാണ്. സ്വയം ചികിത്സ ചെയ്യാതെ വൈദ്യസഹായം ഉറപ്പാക്കുക. രക്തപരിശോധന വഴി ബയോട്ടിന്റെ അളവ് നിർണയിക്കാനും ആവശ്യമെങ്കിൽ സപ്ലിമെന്റുകൾ നിർദേശിക്കാനും ഡോക്ടർക്ക് സാധിക്കും.