പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി മധു മരിച്ചത് പോലീസ് കസ്റ്റഡിയിലാണെങ്കിലും കസ്റ്റഡി മരണമല്ലെന്ന് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്. കസ്റ്റഡിയില്‍വെച്ച് മധുവിന് മര്‍ദ്ദനമേറ്റതായി തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ മധു അവശനിലയിലായിരുന്നു. മധുവിനെ അഗളിയിലെ ആശുപത്രിയിലെത്തിച്ചത് മൂന്നു പോലീസുകാരാണെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയിരുന്ന രമേശ്, ഒറ്റപ്പാലം സബ് കളക്ടറായിരുന്ന ജെറോമിക് ജോര്‍ജ് എന്നിവരാണ് രണ്ടു റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. ഇരുവരുടേയും മൊഴി കോടതി രേഖപ്പെടുത്തും.

നാലു വർഷം മുന്‍പ് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് കേസ് ഫയലില്‍ ചേർത്തിട്ടില്ലെന്നും അത് ഫയലില്‍ ഉള്‍പ്പെടുത്തണമെന്നും കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.