തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാരണം കാണിക്കൽ നോട്ടിസിന് മറുപടി നൽകാനുള്ള സമയ പരിധി അവസാനിക്കുന്നതിന് മുമ്പ് നോട്ടീസിന് മറുപടി നൽകി 10 വി.സിമാർ. വിശദീകരണം വിശദമായി പരിശോധിച്ച ശേഷം രാജ്ഭവൻ തുടർ നടപടികൾ സ്വീകരിക്കും. ഗവര്‍ണര്‍ നേരിട്ട് വിമര്‍ശിച്ച കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ അഞ്ചു മണിക്ക് തൊട്ടു മുൻപ് അഭിഭാഷകൻ മുഖേന മറുപടി നൽകിയത്. സാങ്കേതിക സർവകലാശാല വിസി ​ഡോ. രാജശ്രീ സുപ്രീം കോടതി വിധിയെ തുടർന്ന് സ്ഥാനം ഒഴിഞ്ഞതിനാൽ മറുപടി നൽകിയില്ല.

നിയമനങ്ങൾ അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം വി.സിമാരോട് രാജിവയ്‌ക്കാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജിവയ്‌ക്കാതിരുന്ന വി.സിമാർ ഗവർണർക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പുറത്താക്കാതിരിക്കാൻ കാരണം ആരാഞ്ഞ് ഗവർണർ വി.സിമാർക്ക് നോട്ടീസ് നൽകിയത്. നേരിട്ട് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് സമയം അനുവദിക്കും.

തങ്ങളുടെ നിയമനങ്ങൾ യുജിസി മാനദണ്ഡ പ്രാകാരമാണെന്നും ചട്ട ലംഘനം നടന്നിട്ടില്ലെന്നുമാണ് വി.സിമാർ നൽകിയിരിക്കുന്ന വിശദീകരണം. വി.സിമാരുടെ ഹിയറിംഗ് ഉൾപ്പെടെ നടത്തിയ ശേഷമാകും ഇതുമായി ബന്ധപ്പെട്ട കൂടുതൽ നടപടി. വി.സിമാരുടെ ഹർജികൾ ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.