മുംബൈ: ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ പാര്‍ട്ടി എംപിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെയെ അപമാനിച്ചെന്നാരോപിച്ച് മഹാരാഷ്ട്ര മന്ത്രി അബ്ദുള്‍ സത്താറിനെതിരെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പോലീസില്‍ പരാതി നല്‍കി. കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തെ കുറിച്ച് സത്താറിനോട് ചോദിച്ചപ്പോഴാണ് എംപിക്കെതിരായ അധിക്ഷേപം ഉണ്ടായത്. 

എന്‍സിപി പ്രവര്‍ത്തകര്‍, സബര്‍ബന്‍ മുംബൈയിലെ ബോറിവലിയിലെ പോലീസ് സ്റ്റേഷനില്‍ അഭിഭാഷകന്‍ ഇന്ദര്‍പാല്‍ സിംഗ് മുഖേന നല്‍കിയ പരാതിയില്‍, സത്താര്‍ ‘രാജ്യത്തെ മുഴുവന്‍ സ്ത്രീ സമൂഹത്തെയും അപമാനിച്ചു’വെന്ന് ആരോപിച്ചു.

‘ഇന്ന്, അതായത് 7/11/2022ല്‍, ലോകഷാഹി മറാഠി വാര്‍ത്താ ചാനലില്‍, കാബിനറ്റ് മന്ത്രി അബ്ദുള്‍ സത്താറിനോട് എംപി സുപ്രിയ സുലെ 50 കോടി രൂപയുടെ ആരോപണം ഉന്നയിച്ചപ്പോള്‍, മന്ത്രി സുപ്രിയയെ അധിക്ഷേപിക്കുകയും അസഭ്യഭാഷ ഉപയോഗിക്കുകയും ചെയ്തു. മന്ത്രി ദേഷ്യപ്പെടുകയും വൃത്തികെട്ട ഭാഷയില്‍ മറുപടി പറയുകയും ചെയ്തു. രാജ്യത്തെ മുഴുവന്‍ സ്ത്രീ സമൂഹത്തെയും മന്ത്രി അപമാനിച്ചു. നിയമപരമായ നടപടികള്‍ ഇക്കാര്യത്തില്‍ കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.”- പരാതിയില്‍ പറയുന്നു. 

എന്‍സിപിയുടെ പ്രതിഷേധങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ബാലാസാഹേബ് ശിവസേന വക്താവ് ദീപക് കേസ്‌കര്‍ സത്താറിനുവേണ്ടി മാപ്പ് പറഞ്ഞു.

‘വക്താവ് എന്ന നിലയില്‍, അബ്ദുള്‍ സത്താറിന് വേണ്ടി ഞാന്‍ ക്ഷമാപണം നടത്തി. ശരദ് പവാറിനെയും സുപ്രിയ സുലെയെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍, മന്ത്രി രാജി നല്‍കുന്ന പ്രശ്‌നമില്ല.’- കേസ്‌കര്‍ പറഞ്ഞു.

2014-ല്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് മന്ത്രിയായിരുന്ന അബ്ദുള്‍ സത്താര്‍ 2019-ല്‍ ശിവസേനയില്‍ ചേര്‍ന്നു. ശിവസേനയില്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ഏകനാഥ് ഷിന്‍ഡെയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച നേതാവാണ് അബ്ദുള്‍ സത്താര്‍. സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ഷിന്‍ഡെ മന്ത്രിസഭയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി.