ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. മഹാരാഷ്‌ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ, ബിഹാറിലെ മൊകാമ, ഗോപാല്‍ഗഞ്ച്, ഹരിയാനയിലെ അദംപുര്‍, ഉത്തര്‍പ്രദേശിലെ ഗോല ഗൊരഖ്നാഥ്, ഒഡീഷയിലെ ധാംനഗർ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ബിഹാറിലെ ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായ ഗോപാൽ ഗഞ്ചിലും മൊകമയിലും ആർജെഡി ലീഡ് ചെയ്യുകയാണ്. മഹാരാഷ്‌ട്രയിലെ അന്ധേരി ഈസ്റ്റില്‍ ശിവസേനാ നേതാവ് രമേഷ് ലട്കെയുടെ നിര്യാണത്തെത്തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ ഭാര്യ റുതുജ ലട്കെയാണ് മുന്നിട്ട് നിൽക്കുന്നത്. ഉദ്ധവ് താക്കറെ വിഭാഗം സ്ഥാനാർഥിയായാണ് അവർ മത്സരിച്ചത്.

ഉത്തർപ്രദേശിലെ ഗോല ഗൊരഖ്നാഥ് നിയമസഭാ മണ്ഡലത്തിൽ ബിജെപിക്ക് 1,500 വോട്ടിന്‍റെ ലീഡുണ്ട്. ഒഡീഷയിലെ ധാംനഗറിലും ഹരിയാനയിലെ അദംപുര്‍ മണ്ഡലത്തിലും ബിജെപിയാണ് മുന്നിൽ നിൽക്കുന്നത്.

കടുത്ത മത്സരം നടന്ന തെലങ്കാനയിലെ മനുഗോഡയില്‍ ആദ്യ റൗണ്ടിൽ ബിജെപിയും ടിആര്‍എസും ഒപ്പത്തിനൊപ്പമായിരുന്നു. നാല് റൗണ്ട് പൂർത്തിയായപ്പോൾ ബിജെപിക്ക് നേരിയ ലീഡുണ്ട്.