കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിലെ ഒരു സ്‌കൂളിന്റെ സെക്യൂരിറ്റി ഓഫീസില്‍ കഞ്ചാവ് വില്‍പന. സുരക്ഷാ ജീവനക്കാര്‍ കഞ്ചാവ് സൂക്ഷിച്ച് വെച്ച് ആവശ്യക്കാര്‍ക്ക് വില്‍ക്കുകയായിരുന്നു. എക്‌സൈസ് നടത്തിയ പരിശോധനയില്‍ വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന കഞ്ചാവ് പൊതികള്‍ കണ്ടെത്തി. എക്‌സൈസിനെ കണ്ടതോടെ സുരക്ഷാ ജീവനക്കാരനും കഞ്ചാവ് വില്‍പനയ്ക്ക് സഹായിച്ചിരുന്ന യാസിന്‍ എന്നായാളും ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 

എന്നാല്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന അഞ്ച് യുവാക്കളെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കുന്നുകുഴി സ്വദേശി ഹരികൃഷ്ണന്‍,വടാട്ടുപാറ സ്വദേശി ഷെഫീഖ്, അശാന്ത്, ആഷിക്ക്, മുനീര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ കഞ്ചാവ് വാങ്ങാനെത്തിയതാണെന്നാണ് നിഗമനം. ഇതിനിടെ ഓഫീസിന് സമീപത്തുണ്ടായിരുന്ന യാസിന്റെ ബൈക്കിനകത്ത് നിന്നും കഞ്ചാവ് പൊതികള്‍ കണ്ടെത്തിയിട്ടുണ്ട്. 
 
രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം സെക്യൂരിറ്റി ഓഫീസില്‍ പരിശോധന നടത്തിയത്. സുരക്ഷാ ജീവനക്കാരനും കൂട്ടുപ്രതിയും എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ഓഫീസിന് മുമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയാണ്. കഴിഞ്ഞ കുറച്ച് നാളായി ക്യാമറകള്‍ പ്രവര്‍ത്തിക്കാറില്ലായിരുന്നുവെന്നും സംഭവത്തെ കുറിച്ച് സ്‌കൂളിന് അറിവുണ്ടായിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.