ആഗ്ര: വിവാഹ ചടങ്ങിനിടെ മധുരപലഹാരം തീർന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 22കാരൻ കൊല്ലപ്പെട്ടു. ആഗ്രയിലെ എത്മദ്പുരിലാണ് സംഭവം. രസഗുള തീർന്നതിനെച്ചൊല്ലിയാണ് വധുവിന്‍റെയും വരന്‍റെയും ബന്ധുക്കൾ തമ്മിലടിച്ചത്. സംഘർഷത്തിനൊടുവിൽ 22കാരനാണ് കൊല്ലപ്പെട്ടത്. മറ്റ് അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച രാത്രി മൊഹല്ല ഷെയ്ഖാൻ സ്വദേശി ഉസ്മാന്‍റെ മകളുടെ വിവാഹ ചടങ്ങിനിടെയാണ് അക്രമണം ഉണ്ടായത്. രസഗുള തീർന്നതിനെച്ചൊല്ലി വരന്‍റെയും വധുവിന്‍റെയും കുടുംബാംഗങ്ങൾ തർക്കത്തിലേർപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഘർഷത്തിനിടെ കുത്തേറ്റ സണ്ണി എന്ന 22കാരനാണ് കൊല്ലപ്പെട്ടതെന്ന് എത്മദ്പുർ സർക്കിൾ ഓഫീസർ രവികുമാർ ഗുപ്ത വ്യക്തമാക്കി.

“സംഘർഷത്തിനിടെ കുത്തേറ്റ സണ്ണിയെ ആദ്യം കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്കും പിന്നീട് ആഗ്രയിലെ സരോജിനി നായിഡു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു” രവികുമാർ ഗുപ്ത പറഞ്ഞു.

സംഘർഷത്തിൽ പരിക്കേറ്റ അഞ്ച് പേർ എത്മദ്പുരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ ചികിത്സയിലാണ്. കൊല്ലപ്പട്ട യുവാവിന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.