അഹമ്മദാബാദ്: പഞ്ചാബിനു പിന്നാലെ ഗുജറാത്തിലും മുഖ്യമന്ത്രി സ്ഥാനാർഥിയെ കണ്ടെത്താൻ ജനങ്ങൾക്ക് അവസരം നൽകി ആം ആദ്മി പാർട്ടി (എഎപി). ഇതിനായുള്ള ക്യാമ്പയിന് എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കെജ്രിവാൾ തുടക്കം കുറിച്ചു. ‘ചൂസ് യുവർ ചീഫ് മിനിസ്റ്റർ’ (Choose Your Chief Minister) എന്നാണ് ക്യാമ്പയിന് പേരിട്ടിരിക്കുന്നത്. ഗുജറാത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ജനഹിതത്തിലൂടെ കണ്ടെത്താനാണ് പാർട്ടിയുടെ പദ്ധതി. നേരത്തെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രമായിരുന്നു എഎപി പരീക്ഷിച്ചത്. ജനങ്ങൾ നിർദേശിച്ച ഭഗവന്ത് മാനെ പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുകയും വിജയം കൊയ്യുകയും ആയിരുന്നു. ബിജെപിയുടെ തട്ടകമായ ഗുജറാത്തിൽ പഞ്ചാബിൽ പരീക്ഷിച്ചു വിജയിച്ച സമാന തന്ത്രമാണ് എഎപി പയറ്റുന്നത്. എസ്എംഎസ്, വാട്സാപ്പ്, ഇ മെയിൽ, വോയിസ് മെസേജ് എന്നീ മാർഗങ്ങളിലൂടെയാണ് ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനാവുക. ഇതിനായി 6357000360 എന്ന നമ്പറും aapnocm@gmail.com എന്ന ഇ മെയിൽ ഐഡിയും സജ്ജമാക്കിയിട്ടുണ്ട്. നവംബർ മൂന്നിനു വൈകുന്നേരം അഞ്ചുമണി വരെ ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. പിറ്റേദിവസം തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ് പാർട്ടിയുടെ തീരുമാനം.

എസ്എംഎസ്, വാട്സാപ്പ്, ഇ മെയിൽ, വോയിസ് മെസേജ് എന്നീ നാലു മാർഗങ്ങളിലൂടെ ജനങ്ങൾക്ക് അവരുടെ അഭിപ്രായം അറിയിക്കാമെന്ന് അരവിന്ദ് കെജ്രിവാൾ അറിയിച്ചു. ആം ആദ്മി പാർട്ടി ഗുജറാത്തിൽ സർക്കാർ രൂപീകരിക്കാൻ പോകുകയാണ്. നമ്മുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരായാലും ഗുജറാത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകും. നിങ്ങളുടെ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ഞങ്ങളോട് പറയണം. പഞ്ചാബിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് ഞങ്ങൾ ജനങ്ങളോട് ചോദിച്ചത് നിങ്ങൾക്ക് ഓർമയുണ്ടാകും. ജനങ്ങളുടെ ആഗ്രഹപ്രകാരം ഭഗവന്ത് മാനിൻ്റെ പേര് മുന്നോട്ടുവെക്കുകയായിരുന്നുവെന്ന് കെജ്രിവാൾ വിശദമാക്കി.

സംസ്ഥാന ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെയും കെജ്രിവാൾ രംഗത്തെത്തി. ഗുജറാത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ബിജെപി ഒരു വർഷം മുമ്പു മുഖ്യമന്ത്രിയെ മാറ്റി. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ നിയമിച്ചത് എന്തുകൊണ്ടാണ്. വിജയ് രൂപാണിക്ക് എന്തോ കുഴപ്പം ഉണ്ടായിരുന്നു എന്നാണോ ഇതിനർഥമെന്നും അരവിന്ദ് കെജ്രിവാൾ ചോദിച്ചു.