ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു കുടുംബത്തെ നിർബന്ധിത മതപരിവർത്തനം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. പള്ളിയിൽ പ്രാർത്ഥനായോഗം നടത്തുകയും നിർബന്ധിച്ച് മതംമാറ്റുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ഹിന്ദു മതത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് പണം  നൽകി വശീകരിച്ച് മതം മാറ്റുകയായിരുന്നു. 

വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റംഗ്ദളിന്റെയും പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പള്ളിയിലെ വൈദികനും കൂട്ടാളിയുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇതോടൊപ്പം പള്ളിയിൽ സൂക്ഷിച്ചിരുന്ന സുപ്രധാന രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവർ പണം നൽകി ഹിന്ദു മതത്തിലെ പാവപ്പെട്ട കുടുംബങ്ങളെ മതം മാറ്റുന്നതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തി

‘ലാലൗലി പോലീസ് സ്റ്റേഷൻ പരിധിയിൽ മതപരിവർത്തനവുമായി ബന്ധപ്പെട്ട ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചിലർ പ്രാർത്ഥനായോഗം നടത്തി മതം മാറ്റുകയാണ്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. പാസ്റ്റർ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പേർ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്’ വിഷയത്തിൽ സിഒ സിറ്റി വീർ സിംഗ് പറഞ്ഞു.