ലണ്ടൻ: ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടന്റെ പ്രധാനമന്ത്രി പദം അലങ്കരിക്കുമോ എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. ​പ്രധാനമന്ത്രിയാകാനുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചുരുങ്ങിയത് കൺസർവേറ്റീവ് പാർട്ടിയിലെ 100 എം.പിമാരുടെ പിന്തുണ വേണമെന്നാണ് നിയമം. ഇത് റിഷി സുനക് ഉറപ്പിച്ചതോടെ മുന്നോട്ടുള്ള ചുവടുകൾ എളുപ്പമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മിനി ബജറ്റിൽ ചുവടു പിഴച്ച ലിസ് ട്രസ് പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ബ്രിട്ടൻ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് വീണത്.

നൂറ് എം.പിമാരുടെ പിന്തുണ ഉറപ്പിച്ചതോടെ റിഷി സുനകിന് പാർട്ടി നേതാവാകാനും എളുപ്പമാകും. അതേ സമയം ഈ നിയമം മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണ് തിരിച്ചടിയായേക്കും. കാരണം, പാർട്ടിയിൽ ആകെ 357 എം.പിമാരാണുള്ളത്. നിലവിലെ സാഹചര്യത്തിൽ 50 എം.പിമാർ മാത്രമേ ബോറിസ്​ ജോൺസണെ പിന്തുണക്കുന്നുള്ളൂ. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനായി വിദേശത്തെ അവധിക്കാലം അവസാനിപ്പിച്ച് തിരിച്ചെത്തിയിരിക്കയാണ് ബോറിസ് ജോൺസൺ. കൂടുതൽ എം.പിമാരുടെ പിന്തുണ ഉറപ്പാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

നിലവിൽ പെന്നി മോർഡന്റ് മാത്രമേ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളൂ. തിങ്കളാഴ്ചയോടെ സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമാകും. മൂന്ന് സ്ഥാനാർഥികൾ മത്സരിച്ചാൽ പോലും 100 എം.പിമാരുടെ പിന്തുണയുള്ള ആൾക്ക് തുടർ വോട്ടെടുപ്പ് ഇല്ലാതെ തന്നെ കൺസർവേറ്റീവ് പാർട്ടി നേതാവാകാനും പ്രധാനമന്ത്രിയാകാനും സാധിക്കും. റിഷി സുനക് 100 എം.പിമാരുടെ പിന്തുണ ഉറപ്പിച്ച സ്ഥിതിക്ക് മറ്റ് സ്ഥാനാർഥികൾക്ക് അത് ലഭിക്കാതെ വന്നാൽ തീർച്ചയായും അദ്ദേഹം തന്നെ പ്രധാനമന്ത്രി പദത്തിലിരിക്കും.

റിഷി സുനക്, ബോറിസ് ജോൺസൺ, പെന്നി മോർഡന്റ് എന്നിങ്ങനെ മൂന്ന് പേർ മത്സരിക്കുമെന്നാണ് ബ്രിട്ടീഷ് വെബ്സൈറ്റായ ഗെയ്ദോ ഫോക്സ് പറയുന്നത്. അതിൽ റിഷിക്ക് 103 ഉം ജോൺസണ് 68ഉം മോർഡന്റിന് 25 ഉം പേരുടെ പിന്തുണ ലഭിക്കുമെന്നാണ് നിരീക്ഷണം.

മത്സരിക്കുന്നില്ലെന്നും ബോറിസ് ജോൺസണ് പിന്തുണ നൽകുമെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിനിടെ, പാർട്ടിയിലെ 50 ശതമാനം എം.പിമാരും ബോറിസിനെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്. വിലക്കുകൾ കാറ്റിൽ പറത്തി കോവിഡ് കാലത്ത് മദ്യവിരുന്ന് നടത്തിയതാണ് ബോറിസിന്റെ പ്രധാനമന്ത്രി സ്ഥാനം തെറിക്കാൻ കാരണം..