ഒട്ടാവ: കൈതോക്കുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കനേഡിയൻ സർക്കാർ. രാജ്യത്ത് തോക്ക് നിയന്ത്രണം നടപ്പിലാക്കാൻ മെയ് മാസത്തിൽ നിയമനിർമ്മാണം കൊണ്ടു വന്നതിനൊപ്പമാണ് കൈത്തോക്ക് വിൽപ്പന മരവിപ്പിക്കൽ പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രി  ജസ്റ്റിൻ ട്രൂഡോയുടെ ഓഫീസ് അറിയിച്ചു. ‘തോക്കുകൊണ്ടുള്ള അക്രമം വർധിച്ചുവരുന്ന സാഹചര്യത്തിൽ നടപടിയെടുക്കാൻ ഞങ്ങൾക്ക് ബാധ്യതയുണ്ട്. രാജ്യത്ത് കൈത്തോക്കുകളുടെ വിപണി മരവിപ്പിച്ചിരിക്കുന്നു’- ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

ഭരണകക്ഷിയായ ലിബറൽ ഗവൺമെന്റ് തോക്ക് അക്രമത്തിനെതിരെ പോരാടുന്നതിന് ബിൽ അവതരിപ്പിച്ചു. പുതിയ നിയമ പ്രകാരം കാനഡക്കുള്ളിൽ കൈത്തോക്കുകൾ ഉപയോഗിക്കുന്നതിനും രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും തടസമുണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

രാജ്യത്ത് തോക്ക് അക്രമങ്ങൾക്കെതിരായി നടത്തിയ പ്രധാനപ്പെട്ട നടപടിയാണിതെന്ന് കനേഡിയൻ പൊതു സുരക്ഷാ മന്ത്രി മാർക്കോ മെൻഡിസിനോ പറഞ്ഞു. എന്നാൽ നടപടിക്കെതിരെ പടിഞ്ഞാറൻ പ്രദേശത്തെ ആൽബെർട്ട സർക്കാർ രംഗത്തെത്തി. നിയമം അനുസരിക്കുന്ന തോക്കുടമകളെ ഇത് ബാധിക്കുമെന്ന് ആൽബർട്ടയിലെ നീതിന്യായ മന്ത്രി ടൈലർ ഷാന്ദ്രോ പറഞ്ഞു. ഫെഡറൽ ഗവൺമെന്റിന്റെ യഥാർഥ ലക്ഷ്യം കൈത്തോക്ക് ഉടമകളെ ബലിയാടാക്കാനും തോക്കുകളുടെ ഉടമസ്ഥത ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന വോട്ടർമാരുടെ ആഗ്രഹം നടപ്പിലാക്കാനുമാണെന്ന് ഷാൻഡ്രോ കൂട്ടിച്ചേർത്തു.

കാനഡക്കാർക്ക് ലൈസൻസുള്ള തോക്കുകൾ സ്വന്തമാക്കാം. ചില തോക്കുകൾ രജിസ്റ്റർ ചെയ്തിരിക്കണം. യുണൈറ്റഡ് സ്റ്റേറ്റ്സിനേക്കാൾ കർശനമായ തോക്ക് നിയമങ്ങളാണ് കാനഡക്കുള്ളത്. രാജ്യത്ത് തോക്ക് നരഹത്യ നിരക്ക് സമ്പന്ന രാജ്യങ്ങളേക്കാൾ ഉയർന്നതാണ്. 2009 നും 2020 നും ഇടയിൽ നടന്ന അക്രമങ്ങളുടെ പ്രധാന ആയുധം കൈത്തോക്കുകളാണ്.