ഭോപ്പൽ: മധ്യപ്രദേശിൽ ബസും കണ്ടെയ്നറും കൂട്ടിയിടിച്ച് 15 പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. രേവ ജില്ലയിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ച രാത്രി 11.30ഓടെ ദേശീയപാത 30ലായിരുന്നു അപകടം. ദേശീയപാതയിലൂടെ കടന്നു പോയവരാണ് അപകടവിവരം ആദ്യം പൊലീസിനെ അറിയിച്ചത്.

തുടർന്ന് സോഹാഗി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഉടൻ സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. ഹൈദരാബാദിൽ നിന്നും യു.പിയിലെ ഖൊരക്പൂരിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്നവർ ഉത്തർപ്രദേശിൽ നിന്നുള്ളവരാണെന്നാണ് വിവരം.

ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തു ആശുപത്രിയിലെത്തിച്ചു. ബസിന്റെ ക്യാബിനിനുള്ളില്‍ മൂന്നോ നാലോ പേര്‍ കുടുങ്ങിക്കിടന്നതായി പോലീസ് പറഞ്ഞു.പരിക്കേറ്റ യാത്രക്കാരെ ചികിത്സയ്ക്കായി തെയോന്തര്‍ സിവില്‍ ആശുപത്രിയില്‍ എത്തിച്ചു. ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വീട്ടിലേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് അപകടത്തില്‍ പെട്ടതെന്ന് പോലീസ് പറഞ്ഞു.