വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍-ഒറിഗോണ്‍ അതിര്‍ത്തിയില്‍ കാട്ടുതീ കത്തിപ്പടരുകയാണ്. ആയിരക്കണക്കിനാളുകളാണ് പ്രദേശത്തുനിന്നും പലായനം ചെയ്യുന്നത്. വാഷിംഗ്ടണിലെ വാന്‍കോവറിനു സമീപം ഈ മാസം 9 നാണ് കാട്ടുതീ പ്രത്യക്ഷപ്പെട്ടത്. ഇവിടെനിന്നും പടര്‍ന്നുപിടിച്ച തീ നിയന്ത്രണമേഖലകളെയെല്ലാം മറികടന്നാണ് കത്തിപ്പടരുന്നത്. ഏകദേശം രണ്ടായിരം എക്കറോളം സ്ഥലം തീപിടിത്തത്തില്‍ കത്തിനശിച്ചതായി അധികൃതര്‍ അറിയിച്ചു. ചൂടു കാലാവസ്ഥയാണ് കാട്ടുതീ അനിയന്ത്രിതമായി കത്തിപ്പടരുന്നതിന് സഹായിക്കുന്നത്.

ഞായറാഴ്ച രാത്രിയോടെ മൂവായിരത്തോളം കുടുംബങ്ങള്‍ക്ക് മാറിത്താമസിക്കാനുള്ള അടിയന്തിര അറിയിപ്പ് അത്യാഹിത വിഭാഗം നല്‍കിയിരുന്നു. ഏതു നിമിഷവും മാറിത്താമസിക്കാന്‍ തയാറായിരിക്കാന്‍ അയ്യായിരത്തിലധികം കുടുംബങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അവശ്യവസ്തുക്കളും പ്രധാനരേഖകളുമെല്ലാം തയാറാക്കിവയ്ക്കാനും നിര്‍ദേശം ലഭിക്കുന്നതനുസരിച്ച് പ്രദേശത്തുനിന്നും അതിവേഗം ഒഴിഞ്ഞുപോകണമെന്നുമാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വാന്‍കോവറിലെ ഉഷ്ണം ഞായറാഴ്ച 86 ഡിഗ്രിവരെ ഉയര്‍ന്നിരുന്നു. സാധാരണ ഒക്ടോബര്‍ മധ്യത്തില്‍ ഊഷ്മാവ് 60 ഡിഗ്രിവരെ ഉയരാറുണ്ടായിരുന്നു. നിലവിലെ ചൂടു കുറയുമെന്നാണ് കാട്ടുതീയണയ്ക്കാനുള്ള സംഘാംഗങ്ങളുടെ പ്രതീക്ഷ. ഡ്രോണുകളുെടയും മറ്റ് അഗ്നിശമന വാഹനങ്ങളുടെയും സഹായത്തോടെ തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് സേനാംഗങ്ങള്‍.