പാലക്കാട്: പാലക്കാട് മൂണ്ടൂരിൽ പഞ്ചാബ് നാഷണൽ ബാങ്കിലെ മാനേജർ സലീമിനെതിരെ വിവാഹത്തട്ടിപ്പ് ആരോപണവുമായി യുവതികൾ. കോഴിക്കോട് മീഞ്ചന്ത,പാലക്കാട് യാക്കര സ്വദേശിനികളായ യുവതികളാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. അനാഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചു, ക്രൂരമായ പീഡനത്തിന് ഇരയാക്കി, സ്വർണം തട്ടിയെടുത്തു എന്നീ പരാതികളാണ് യുവതികൾ ബാങ്ക് മാനേജര്‍ക്കെതിരെ ഉന്നയിക്കുന്നത്. എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ബാങ്ക് മാനേജരായ സലീം. 

പഞ്ചാബ് നാഷണൽ ബാങ്കിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് 2013 നവംബര്‍ 24-ന് കോഴിക്കോട് മീഞ്ചന്ത സ്വദേശിനിയായ സഫ്രീനയെ സലീം വിവാഹം കഴിക്കുന്നത്. 2018 വരെ ഇയാൾ സഫ്രീനക്കൊപ്പം കഴിഞ്ഞു.

ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്. പത്രപരസ്യത്തിലൂടെ ഈ വിവാഹാലോചന എത്തിയത്. ആലപ്പുഴയാണ് സ്വദേശമെന്നും  വിവാഹമോചിതനാണെന്നുമായിരുന്നു ഇയാൾ സഫ്രീനയെ വിശ്വസിപ്പിച്ചിരുന്നത്. വളരെ മാന്യമായും സ്നേഹത്തോടെയും ആദ്യം പെരുമാറിയ ഇയാൾ കല്ല്യാണം കഴിഞ്ഞതോടെ ക്രൂരമായി പെരുമാറി. നിരന്തരം മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. 

സമാന അനുഭവവമാണ് പാലക്കാട്  യാക്കര സ്വദേശിനി സലീനയുടേതും. ആശുപത്രിയിൽ നഴ്സായിരുന്ന സലീനയും വിവാഹ മോചിതയായിരുന്നു. അതിനിടെയാണ് സലീമിൻ്റെ  ആലോചന വന്നത്. 2019 ഡിസംബറിലായിരുന്നു വിവാഹം. ആദ്യം സ്നേഹത്തോടെ പെരുമാറിയ സലീമിൽ നിന്നും പിന്നീട് സലീനയ്ക്ക് ഏറ്റു വാങ്ങേണ്ടി വന്നത് ക്രൂരപീഡനം. അതേസമയം മതവിശ്വാസ പ്രകാരം അനുമതിയുള്ളത് കൊണ്ടാണ് ഒരേ സമയം പല വിഹാഹം കഴിച്ചതെന്നും യുവതികളെ മര്‍ദ്ദിച്ചെന്നടക്കമുള്ള മറ്റു ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സലീം പ്രതികരിച്ചു.