തെൽഅവീവ്: ഇന്ത്യൻ വംശജനായ കൗമാരക്കാരൻ ഇസ്രായേലിൽ കുത്തേറ്റ് മരിച്ചു. വടക്കു കിഴക്കൻ ഇന്ത്യയിലെ ജൂത സമുദായമായ ബനീ മെനാഷെ വിഭാഗക്കാരനായ യോൽ ലെഹിങ്കഹൽ(18) ആണ് മരിച്ചത്. ഒരു വർഷം മുമ്പാണ് യോൽ കുടുംബത്തിനൊപ്പം ഇസ്രായേലിലേക്ക് കുടിയേറിയത്.

വടക്കൻ ഇസ്രായേലിലെ കിർയാത് ഷ്മോണ നഗരത്തിലെ ജൻമദിനാഘോഷ പരിപാടിക്കിടെയുണ്ടായ അടിപിടിക്കിടെയാണ് കുത്തേറ്റത്.

സുഹൃത്തിനൊപ്പമാണ് ജൻമദിനാഘോഷത്തിൽ പ​ങ്കെടുക്കാനെത്തിയത്. ജൻമദിനാഘോഷ പരിപാടിക്കിടെ 20 പേരടങ്ങുന്ന സംഘം തമ്മിലാണ് സംഘർഷമുണ്ടായത്. കത്തിക്കുത്തിൽ പരിക്കേറ്റ യോലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടു.

സംഭവത്തിൽ 15 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴു പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. ശാന്തപ്രകൃതക്കാരനായ യോൽ ആരുമായും വഴക്കുണ്ടാക്കാറില്ലെന്നും അടിപിടിക്കിടെ കുത്തേൽക്കുകയായിരുന്നുവെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.