കാലിഫോർണിയ: കാലിഫോർണിയയിൽ 14 ഹിന്ദു സ്ത്രീകളെ ആക്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 37കാരനായ ലതൻ ജോൺസൺ ആണ് അക്രമി. ഇയാൾ ജൂൺ മുതലാണ് ആക്രമണം തുടങ്ങിയതെന്ന് സാന്റാ ക്ലാര കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് പറയുന്നു.

പ്രായമായ ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി അവരുടെ ആഭരണങ്ങൾ തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി. പാലോ ആൾട്ടോ നിവാസിയായ ജോൺസൺ, 50 നും 73 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് പ്രധാനമായി ലക്ഷ്യമിടുന്നത്. ഇവരെ ആക്രമിച്ച് മാലയും തട്ടിയെടുത്ത് വാഹനത്തിൽ രക്ഷപ്പെടുകയാണ് പതിവ്.

ജോൺസൺ ഇതുവരെ മോഷ്ടിച്ച എല്ലാ മാലകൾക്കും കൂടെ ഏകദേശം 35,000 ഡോളർ വിലമതിക്കുമെന്ന് കണക്കാക്കപ്പെടുന്നു. കുറ്റം തെളിഞ്ഞാൽ 63 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും. കേസിന്റെ അടുത്ത വാദം നവംബർ നാലിന് നടക്കും.

ആക്രമിക്കപ്പെട്ട സ്ത്രീകളെല്ലാം അക്രമം നടക്കുമ്പോൾ സാരിയോ സിന്ദൂരമോ മറ്റ് തരത്തിലുള്ള പാരമ്പര്യ വസ്ത്രങ്ങളോ ധരിച്ചിരുന്നുവെന്ന് ജില്ലാ അറ്റോർണി ഓഫീസ് വ്യക്തമാക്കി. ജൂണിൽ ആരംഭിച്ച സംഭവങ്ങളിൽ ഭൂരിഭാഗവും സാൻ ജോസ്, മിൽപിറ്റാസ്, സണ്ണിവെയ്ൽ, സാന്താ ക്ലാര എന്നിവിടങ്ങളിലാണ് നടന്നത്.

ദേശീയതയോ വംശീയതയോ കാരണം നടക്കുന്ന ആക്രമണങ്ങളിൽ ശിക്ഷ ലഭ്യമാക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് സാന്റാ ക്ലാര കൗണ്ടിയുടെ ജില്ലാ അറ്റോർണി ജെഫ് റോസൻ പറഞ്ഞു.