ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള  മത്സരം  തീ പാറുമെന്നാണ് കരുതിയതെങ്കിലും നേതാക്കളുടെ ഭാഗത്ത് നിന്ന് ശശി തരൂര്‍ നേരിടുന്നത് കടുത്ത അവഗണനയെന്നണ് റിപ്പോര്‍ട്ട് . രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനമായ സത്യമൂര്‍ത്തി ഭവനില്‍ എത്തിയ തരൂരിന് തണുത്ത സ്വീകരണമാണ് ലഭിച്ചത്‌.വോട്ടവകാശമുള്ള  700-ലധികം വരുന്ന കോണ്‍ഗ്രസ് പ്രതിനിധികളുടെ പിന്തുണ തേടാനാണ്  തരൂര്‍ ചെന്നൈയിലെത്തിയത്. എന്നാല്‍ യോഗത്തില്‍ പങ്കെടുത്തത് വെറും 12 പേര്‍ മാത്രമാണ്. തരൂരിൻെറ യോഗത്തില്‍ പങ്കെടുക്കുന്നത് ഗാന്ധികുടുംബത്തിൻെറ  പിന്തുണയുള്ള സ്ഥാനാര്‍ത്ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗയെ എതിര്‍ക്കുന്നതിന് തുല്ല്യമാണെന്നാണ് മറ്റ് നേതാക്കളുടെ വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചനലിനു നല്‍കിയ അഭിമുഖത്തില്‍, ”മത്സരത്തിലേക്ക് നിങ്ങള്‍ക്ക് സ്വാഗതം” എന്നും ഗാന്ധിക്കുടുബം  നിഷ്പക്ഷത പാലിക്കുമെന്നതിനാല്‍ ‘ഔദ്യോഗിക സ്ഥാനാര്‍ത്ഥി’ ഉണ്ടാകില്ല, എന്നും  സോണിയ അദ്ദേഹത്തോട് പറഞ്ഞതായും തരൂര്‍  വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്ന നിര്‍ദേശം പിസിസി പ്രസിഡൻറുമാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗാന്ധി കുടുംബത്തിൻെറ വിശ്വസ്തനായ അശോക് ഗെലോട്ടിനെ ആദ്യം ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനം എടുത്തിരുന്നതെങ്കിലും രാജസ്ഥാനില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് മനസിലായതോടെ ആദ്യതീരുമാനത്തില്‍ ഗാന്ധികുടുംബം പിന്മാറുകയായിരുന്നു. പാര്‍ട്ടിയില്‍ ‘ഒരാള്‍ക്ക് ഒരു സ്ഥാനം എന്ന നയത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പദം ഉപേക്ഷിച്ചതിന് ശേഷം അധ്യക്ഷപദവയിലേക്ക് മത്സരിക്കാന്‍ ഗഹലോട്ട് തയാറായിരുന്നില്ല.  അതിനുശേഷമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് ഉയര്‍ന്നു വന്നത്.ഈ മാസം 17 നാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്, 19 ന് വിധി പ്രഖ്യാപനവും.