ന്യൂഡല്‍ഹി: തിന്മയ്ക്കെതിരെ നന്മ നേടിയ വിജയത്തിന്റെ അടയാളമായി രാജ്യം മുഴുവന്‍ രാവണന്റെ കോലം കത്തിച്ച് ദസറ ആഘോഷിച്ചപ്പോള്‍ അതും പ്രതിഷേധ മാര്‍ഗമാക്കി കോണ്‍ഗ്രസ്. ഗുജറാത്തിലെ ഭുജില്‍ കച്ച് ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇഡിയുടെയും സിബിഐയുടെയും കോലം കത്തിച്ചു. വിലക്കയറ്റം, പണപ്പെരുപ്പം, മോശം ആരോഗ്യ സൗകര്യങ്ങള്‍, ചെലവേറിയ വിദ്യാഭ്യാസം, ജിഎസ്ടി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. 

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കെതിരെ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.  ഇഡിക്കും, സിബിഐക്കും ഒപ്പം വിലക്കയറ്റം എന്നെഴുതിയ കോലവും ഇവര്‍ കത്തിച്ചു. ബിജെപി സര്‍ക്കാരിനെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.