ജല്‍പായ്ഗുരി: പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ മിന്നല്‍പ്രളയത്തില്‍ ഏഴ് പേര്‍ മരിച്ചു. ജല്‍പായ്ഗുരിയിലെ മല്‍ബസാറില്‍ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ദുര്‍ഗാ വിഗ്രഹ നിമജ്ജനത്തിനായി ഒത്തുകൂടിയവരാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേരെ വെള്ളപ്പൊക്കത്തില്‍ കാണാതായി.

സംഭവം നടക്കുമ്പോള്‍ വിജയദശമി ആഘോഷത്തോട് അനുബന്ധിച്ച ചടങ്ങുകള്‍ക്കായി വന്‍ ജനക്കൂട്ടം മാല്‍ നദിക്കരയില്‍ തടിച്ചുകൂടിയിരുന്നു. നദിയില്‍ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ പെട്ടന്നുണ്ടായ പ്രളയമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതുവരെ ഏഴു മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.