കൊച്ചി: സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയുള്ളത്. 

സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, എസ്‌ഐമാര്‍, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇവര്‍ നിലവിൽ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. സംസ്ഥാന പൊലീസിന്‍റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോര്‍ത്തിക്കൊടുത്തു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. വരുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചുവരികയാണ്. സംസ്ഥാന പൊലീസിലെ സ്‌പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ്, ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസ് ചുമതല വഹിക്കുന്നവരുമാണ് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണ വലയത്തിലുളളത്. 

കഴിഞ്ഞ 2 വര്‍ഷമായി പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ സംഭാഷണങ്ങള്‍ വ്യാപകമായി എന്‍ ഐ എ ചോര്‍ത്തിക്കൊണ്ടിരുന്നു. ഹര്‍ത്താലിലെ ആക്രമസംഭവങ്ങളും അത് തടയുന്നതില്‍ പൊലീസിന് സംഭവിച്ച വന്‍ വീഴ്ചയെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ ഐ എ കൃത്യമായ ചില വിവരങ്ങള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തൊടുപുഴ മേഖലയിലെ കരിമണ്ണൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ സിവില്‍ പൊലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു. മൂന്നാര്‍ പൊലീസ് സ്‌റ്റേഷനില്‍ സമാന ആരോപണത്തെത്തുടര്‍ന്ന് എഎസ്‌ഐ അടക്കം 3 പേരെ സ്ഥലം മാറ്റിയിരുന്നു.